അടിച്ചു കേറി വാ എന്ന ഒറ്റ ഡയലോഗുമായി ദുബായ് ജോസ് എന്ന കഥാപാത്രത്തിലൂടെ റിയാസ് ഖാൻ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയത്. ഇപ്പോഴിതാ മലയാളസിനിമയിലെ മറ്റൊരു നടനായ സുരേഷ് കൃഷ്ണയെ ഏറ്റെടുത്തിരിക്കുകയാണ് നെറ്റിസൺസ്. കൺവിൻസിംഗ് സ്റ്റാർ എന്ന പേരിലാണ് ഈ നടൻ ഇപ്പോൾ അറിയപ്പെടുന്നത്. ‘ക്രിസ്റ്റ്യൻ ബ്രദേഴ്‌സ്’ എന്ന ചിത്രത്തിലെ ചില രംഗങ്ങളും ട്രോളുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. മോഹൻലാൽ നായകനായ ‘ക്രിസ്ത്യൻ ബ്രദേഴ്‌സ്’ എന്ന ചിത്രത്തിലെ ജോർജ്കുട്ടി എന്ന കഥാപാത്രത്തിലൂടെയാണ് ട്രെൻഡ് ആരംഭിച്ചത്.
സിനിമയിലെ ഒരു രംഗത്തിൽ ഒരു കൊലപാതകം നടത്തിയ ശേഷം തന്റെ സഹോദരിയുടെ ഭർത്താവായ മോഹൻലാലിന്റെ കയ്യിൽ തന്റെ കൈയിലുണ്ടായിരുന്ന തോക്ക് നൽകിയിട്ട് ‘നീ എന്നാ പോലീസിനെ പറഞ്ഞ് മനസ്സിലാക്ക്, ഞാൻ വക്കീലുമായി വരാം’ എന്ന് വളരെ സമർത്ഥമായി പറഞ്ഞ് പറ്റിക്കുന്ന രംഗമാണ് ഇപ്പോൾ പ്രധാനമായും വൈറലായിരിക്കുന്നത്. 2011 ൽ ഈ സിനിമ കാണുമ്പോൾ നിരാശയും ഞെട്ടലും ഉണ്ടാക്കിയ രംഗമായിരുന്നു ഇത്. എന്നാൽ ഇപ്പോഴിത് ചിരി പരത്തുന്ന ഒരു രംഗമായി മാറിയിരിക്കുകയാണ്.
നടന്റെ മറ്റ് സിനിമകളിൽ നിന്നും നെറ്റിസൺസ് ഇത്തരത്തിലുള്ള കൗശലമുള്ള വേഷങ്ങളും സീനുകളും കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ ബോധ്യപ്പെടുത്താനും അവരെ കൂടുതൽ കുഴപ്പങ്ങളിലേക്ക് തള്ളിവിടാനുമുള്ള നടൻ്റെ കഴിവിനെയാണ് പലരും എടുത്തു കാണിക്കുന്നത്.
അതേസമയം, ക്രിസ്ത്യൻ ബ്രദേഴ്‌സ്’ എന്ന സിനിമയിലെ ജോർജ്കുട്ടി എന്ന കഥാപാത്രത്തിൻ്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് സുരേഷ് കൃഷ്ണയും ട്രെൻഡിനൊപ്പം ചേർന്നിട്ടുണ്ട്. ‘നിങ്ങൾ ലൈക്ക് അടിച്ചിരി ഞാൻ ഇപ്പൊ വരാം’ എന്നാണ് താരം ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയത്. ‘ഓകെ, ഐ അയാം കൺവിൻസ്‌ഡ് ‘ എന്ന കമന്റുമായി നടനും സംവിധായകനുമായ ബേസിൽ ജോസഫും ടോവിനോയും പിഷാരടിയും തുടങ്ങി നിരവധി പേർ കമന്റുകളുമായും എത്തിയിട്ടുണ്ട്. ‘ബ്രോ റൂളിംഗ് സോഷ്യൽ മീഡിയ, ഒരു പാവം ബാങ്ക് ജീവനക്കാരനെ ഡോൺ ആക്കിയത് നിങ്ങൾ ആണ്, ഇനി കുറച്ച് നാൾ അണ്ണൻ ഭരിക്കും’ തുടങ്ങിയ രസകരമായ കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ എത്തുന്നത്.
2010 ൽ പുറത്തിറങ്ങിയ കാര്യസ്ഥൻ എന്ന സിനിമയിലെ സുരേഷ് കൃഷ്ണയുടെ വില്ലൻ കഥാപാത്രവും ഇതിനൊപ്പം വൈറലാകുന്നുണ്ട്. സിനിമയിൽ സുരേഷ് കൃഷ്ണയായിരുന്നു പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയിലെ ഫ്ലാഷ്ബാക്ക് രംഗങ്ങളിൽ സിദ്ദിഖും ലെനയും തമ്മിലുള്ള വിവാഹം ഉറപ്പിച്ച ശേഷം സിദ്ദിഖ് നാടുവിട്ടുപോകുന്നതായി ഒരു രംഗമുണ്ട്. എന്നാൽ അവിടെ ലെനയുടെ സരസ്വതി എന്ന കഥാപാത്രത്തെ താൻ പറഞ്ഞ് മനസിലാക്കാം എന്ന് എല്ലാവരെയും വിശ്വസിപ്പിക്കുന്ന സുരേഷ് കൃഷ്ണ പിന്നീട് ലെനയെ കൊല്ലുന്നതായാണ് കാണിക്കുന്നത്.
ഇവയിൽ മാത്രമല്ല, 2006 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം തുറുപ്പുഗുലാനിലെയും രാമലീല എന്ന സിനിമയിലെയും ഇത്തരത്തിലുള്ള കഥാപാത്രങ്ങളുണ്ട് ഉണ്ട്. ഇവ കൂടാതെ താന്തോന്നി, കരുമാടി കുട്ടൻ, ചെസ്സ് തുടങ്ങിയ ചിത്രങ്ങളിലും ഇത്തരത്തിലുള്ള കൺവിൻസിംഗ് രംഗങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് മറ്റു ചിലരുടെ കണ്ടെത്തൽ.
എന്തായാലും ചീറ്റിംഗ് സ്റ്റാറിനും ഡെത്ത് സ്റ്റാറിനും ശേഷം കൺവിൻസിംഗ് സ്റ്റാർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. ‘അടിച്ച് കേറി വാ’ ട്രെൻഡിന് ശേഷം, ‘കൺവിൻസിംഗ് സ്റ്റാർ’ തീർച്ചയായും മറ്റൊരു വൈറൽ ട്രെൻഡായി മാറി കഴിഞ്ഞു.