പഴനിയിലെ പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളിക; വിവാദ പരാമര്‍ശം നടത്തി സംവിധായകന്‍, അറസ്റ്റില്‍

പഴനി ക്ഷേത്രത്തിലെ പഞ്ചാമൃത നിവേദ്യത്തില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കലര്‍ത്തുന്നുണ്ടെന്ന വിവാദ പരാമര്‍ശം നടത്തിയ തമിഴ് സംവിധായകന്‍ അറസ്റ്റില്‍. സംവിധാകന്‍ മോഹന്‍ ജി ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ട്രിച്ചി ജില്ലാ സൈബര്‍ ക്രൈം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാവിലെ ചെന്നൈയില്‍ വച്ച് അറസ്റ്റ് ചെയ്ത സംവിധായകനെ ട്രിച്ചിയിലേക്ക് കൊണ്ടുവരുമെന്ന് ട്രിച്ചി ജില്ലാ എസ്പി വരുണ്‍ കുമാര്‍ അറിയിച്ചു. തമിഴ് ചലച്ചിത്ര സംവിധായകനെ മുന്‍കൂര്‍ അറിയിപ്പ് കൂടാതെ അറസ്റ്റ് ചെയ്തതായി ചെന്നൈയിലെ ബിജെപി അധ്യക്ഷന്‍ അശ്വത്ഥാമന്‍ അല്ലിമുത്തു എക്സില്‍ വ്യക്തമാക്കി.

തിരുപ്പതിയില്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്ന ലഡ്ഡുകളില്‍ മൃഗ കൊഴുപ്പ് കലര്‍ന്നിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് മോഹന്‍ജി പഴനി മുരുകന്‍ ക്ഷേത്രത്തിലെ പ്രസാദമായ ‘പഞ്ചാമൃതത്തില്‍’ ഗര്‍ഭനിരോധന ഗുളികകള്‍ കലര്‍ത്തിയെന്ന അഭ്യൂഹങ്ങള്‍ താന്‍ കേട്ടിട്ടുണ്ടെന്നും ആരോപിച്ചത്‌.

ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിവിധ സംഘടനകള്‍ അടക്കം ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇത്തരം ഒരു സംഘടന ട്രിച്ചി പൊലീസിന് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ് എന്നാണ് വിവരം.

Read more