എല്ലാവരും കോടി കണക്കുകൾക്ക് പിന്നാലെ പോകുമ്പോൾ അയൽ സംസ്ഥാനത്തെ മഹാനായ കലാകാരൻ അത്ഭുതപ്പെടുത്തുന്നു; മമ്മൂട്ടിയെ പ്രശംസിച്ച് തമിഴ് മാധ്യമപ്രവർത്തകൻ

ജിയോ ബേബിയുടെ മമ്മൂട്ടി ചിത്രം ‘കാതൽ’ ചർച്ചയാവുകയാണ്. മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികകല്ലായി കാതലിലെ മാത്യു ദേവസി എന്ന കഥാപാത്രം സിനിമ ലോകത്ത് ചർച്ചചെയ്യപ്പെടുന്നു. ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിച്ചപ്പോഴും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇപ്പോഴിതാ തമിഴ് മാധ്യമ പ്രവർത്തകനായ വിശൻ. വി ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ മറ്റെല്ലാ നടന്മാരും 500 കോടിക്കും 1000 കോടിക്കും പിറകെപോവുമ്പോൾ അയൽ സംസ്ഥാനത്ത് ഒരു നടൻ അത്തരം കണക്കുകൾ ഒന്നും നോക്കാതെ മികച്ച സിനിമകൾ ചെയ്യുന്നു എന്നാണ് കാതൽ സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് മാധ്യമപ്രവർത്തകൻ വിശൻ ഫെയ്‌സ്ബുക്കിൽ കുറിച്ചത്. കൂടാതെ ഒടിടി റിലീസിന് വേണ്ടി കാത്തുനിൽക്കാതെ തിയേറ്ററിൽ തന്നെ സിനിമ കാണൂ എന്നും അദ്ദേഹം കുറിക്കുന്നു.

“ഇത് സ്നേഹം- കാതൽ. നമ്മുടെ മുൻനിര താരങ്ങൾ 500 കോടിയും 1000 കോടിയും ലക്ഷ്യമാക്കി സഞ്ചരിക്കുമ്പോൾ അയൽ സംസ്ഥാനത്തിലെ മഹാനായ കലാകാരൻ മമ്മൂട്ടി സ്‌ക്രീനിൽ വ്യത്യസ്തമായെന്തോ അവതരിപ്പിക്കുകയാണ്! സിനിമ കണ്ടിട്ട് സമയം കുറെ കഴിഞ്ഞു. എന്നിട്ടും ആ ഞെട്ടലും ആശ്ചര്യവും കുറഞ്ഞിട്ടില്ല. സിനിമ ഒടിടിയിൽ റിലീസ് ചെയ്യുന്നത് വരെ കാത്തിരിക്കരുത്. കഴിയുമെങ്കിൽ ഉടൻ തിയറ്ററിൽ കാണൂ”

Read more

കാതലിൽ തമിഴ് താരം ജ്യോതികയാണ് നായികയായി എത്തിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സുധി കോഴിക്കോടിന്റെ ഗംഭീര പ്രകടനവും പ്രേക്ഷകർ എടുത്തുപറയുന്നുണ്ട്. മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ്.