തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ‘തുടരും’ തിയേറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്. ഏപ്രില്‍ 25ന് ആണ് ചിത്രത്തിന്റെ റിലീസ്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍-ശോഭന കോമ്പോ വീണ്ടും ഒന്നിക്കുന്ന എന്നതാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത. ഡ്രൈവര്‍ ഷണ്മുഖന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലളിത ഷണ്മുഖന്‍ എന്ന കഥാപാത്രമായി ശോഭനയുമെത്തും.
ഇതിനിടെ ശോഭനയ്‌ക്കെതിരെ എത്തിയ ഒരു കമന്റിന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. ”മീന ലാലേട്ടന്‍ ആണ് സൂപ്പര്‍ കോമ്പോ, ശോഭന തള്ള ആയി” എന്ന കമന്റിനോടാണ് തരുണ്‍ പ്രതികരിച്ചത്. മലയാളി മീഡിയോ എന്ന പേജില്‍ നിന്നാണ് ഈ കമന്റ് എത്തിയത്.
”ആ കൈയ്യില്‍ ഇരിക്കുന്ന ചൂല് മുറ്റം അടിക്കാന്‍ മാത്രം അല്ല എന്ന് പറയാന്‍ പറഞ്ഞു ലളിത” എന്നാണ് ഒരു സ്‌മൈലി ഇമോജിയോടെ തരുണ്‍ മറുപടി നല്‍കിയിരിക്കുന്നത്. ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയ്ില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് തരുണിന്റെ മറുപടിക്ക് കൈയ്യടികളോടെ രംഗത്തെത്തുന്നത്. അതേസമയം, 2009ല്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.
2004ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മാമ്പഴക്കാല’ത്തിലാണ് മോഹന്‍ലാലും ശോഭനയും അവസാനമായി ജോഡികളായി വേഷമിട്ടത്. തുടരും ചിത്രം ഫാമിലി ഡ്രാമ ഴോണറിലാണ് എത്തുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360-ാം ചിത്രമാണിത്.
ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ദൃശ്യം പോലൊരു സിനിമയാണ് തുടരും എന്ന് മോഹന്‍ലാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.