സൂപ്പർതാരങ്ങൾക്ക് കിട്ടുന്ന കൈയടി സംഭാഷണങ്ങൾ എഴുതിയ എംടിക്കും ലോഹിതദാസിനുമുള്ളതാണ് : ശ്രീകുമാരൻതമ്പി

ജീവിതത്തിൽ ഒരു അഭിനേതാവിന്റെ മുന്നിലും തലകുനിച്ചിട്ടില്ലെന്നും ഇനി തലകുനിക്കില്ലെന്നും ശ്രീകുമാരൻതമ്പി. ദൃശ്യകലകളിൽ അതിന്റെ സ്രഷ്ടാവ് ആണ് എപ്പോഴും മുകളിൽ. അവതരിപ്പിക്കുന്നവർ സ്രഷ്ടാവിന് താഴെയാണ്. പക്ഷേ, സ്രഷ്ടാക്കൾക്ക് പലപ്പോഴും അപകർഷതാബോധമുണ്ട്. അതുകൊണ്ടാണ് അവതരിപ്പിക്കുന്നവരുടെ പിന്നാലെ നടക്കുന്നതും കാല് തിരുമ്മുന്നതും എന്നും അദ്ദേഹം പറഞ്ഞു.

‘മാക്ട’യുടെ പരമോന്നത ബഹുമതിയായ ലെജൻഡ് ഹോണർ പുരസ്‌കാരം മുപ്പതാം വാർഷികാഘോഷച്ചടങ്ങിൽ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്രഷ്ടാക്കൾ ആരുമല്ല എന്നും അവതരിപ്പിക്കുന്നവർ മാത്രമാണ് പ്രധാനപ്പെട്ടവർ എന്ന തെറ്റായ ധാരണ സമൂഹത്തിൽ പടർന്നിട്ടുണ്ട്. സ്രഷ്ടാവിന് മാത്രമാണ് പകർപ്പവകാശം. അവതരിപ്പിക്കുന്നവർക്ക് ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

സൂപ്പർതാരങ്ങൾക്ക് കിട്ടുന്ന കൈയടി, സംഭാഷണങ്ങൾ എഴുതിയ എം.ടിക്കും ലോഹിതദാസിനുമുള്ളതാണ്. സൂപ്പർതാരം വരുമ്പോൾ പതിനായിരങ്ങൾ കൂടിയേക്കാം. എംടി വന്നാൽ അയ്യായിരം പേരെ കാണൂ. പക്ഷേ, സൂപ്പർതാരം ഔട്ടായാൽ ആരും തിരിഞ്ഞുനോക്കില്ല. എംടി വന്നാൽ അപ്പോഴും അയ്യായിരം പേരുതന്നെ കാണും എന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാരമല്ല ഒരാളെ വലുതാക്കുന്നത്, ആത്മവിശ്വാസമാണ് കലാകാരന്റെ അമൂല്യധനമെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.