'തിയേറ്റര്‍ പ്ലേ', മലയാളത്തില്‍ പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോം

മലയാളത്തില്‍ വീണ്ടുമൊരു ഒ.ടി.ടി പ്ലാറ്റ്ഫോം കൂടി. സിനിമയും, സംസ്‌കാരവും, പ്രകൃതിയും, സാങ്കേതികതയും ഒന്നിച്ചു ചേര്‍ന്ന ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോമായ “തിയേറ്റര്‍ പ്ലേ” സാംസ്‌കാരിക-സിനിമ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു.

കലയെ സാംസ്‌കാരികമായി വൈവിദ്ധ്യ പൂര്‍ണമാക്കുക എന്ന ഉദ്ദേശത്തോടെ എത്തുന്ന തിയേറ്റര്‍ പ്ലേയില്‍ അന്യഭാഷാചിത്രങ്ങളും ലോക ക്ലാസിക് സിനിമകളും കാണാന്‍ സാധിക്കും. പ്ലാറ്റ്‌ഫോമിലേക്ക് ഒരു പുതിയ സബ്സ്‌ക്രൈബര്‍ എത്തുമ്പോള്‍ തുടക്കത്തില്‍ സൗജന്യമാണെങ്കിലും പിന്നീട് മിതമായ നിരക്കിലേക്ക് മാറും.

ഈ ആപ്പില്‍ കുട്ടികള്‍ക്ക് മാത്രമായി “തിയേറ്റര്‍ കിഡ്‌സ്”, പ്രകൃതി സംബന്ധമായ സിനിമകള്‍ക്ക് “തിയേറ്റര്‍ സോഷ്യല്‍”, ഷോര്‍ട്ട് ഫിലിം മറ്റ് കാറ്റഗറികള്‍ക്കായി “തിയേറ്റര്‍ 18 പ്ലസ്” എന്നിവയോടൊപ്പം പുതിയ ഒരു സോഷ്യല്‍ മീഡിയ സപ്പോര്‍ട്ടും ഉണ്ട് എന്നതാണ് മറ്റ് സവിശേഷതകള്‍.

ജയസൂര്യ ചിത്രം സൂഫിയും സുജാതയുമാണ് മലയാളത്തില്‍ നേരിട്ട് ഒ.ടി.ടി റിലീസിനെത്തിയ ആദ്യ ചിത്രം. മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2, ഫഹദ് ഫാസിലിന്റെ ഇരുള്‍, സീ യു സൂണ്‍, ജോജി, ജിയോ ബേബി ചിത്രം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തുടങ്ങി മലയാളത്തില്‍ നിന്നും നിരവധി സിനിമകള്‍ നേരിട്ട് ഒ.ടി.ടി റിലീസിന് എത്തിയിരുന്നു.