'എന്തിനും ഏതിനും മിന്നല്‍ മുരളി... നിനക്ക് എന്റെ അഡ്രസ് അറിയാമോ?'; കാര്‍ത്തിക് ആര്യനെ പേടിപ്പിച്ച് ടൊവിനോ, വീഡിയോ

‘മിന്നല്‍ മുരളി’യുടെ അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് മുന്നില്‍ പുതിയ വീഡിയോയുമായി നടന്‍ ടൊവിനോ തോമസ്. മിന്നല്‍ മുരളിയും ‘സെട്രെയ്ഞ്ചര്‍ തിങ്‌സ്’ സീരിസിലെ വെക്‌ന എന്ന കഥാപാത്രമായ വിജയ് വര്‍മയ്‌ക്കൊപ്പമുള്ള ഒരു ചിത്രം ടൊവിനോ പങ്കുവച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മറ്റൊരു വീഡിയോയുമായി ടൊവിനോ എത്തിയിരിക്കുന്നത്. ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍ ആണ് വീഡിയോയില്‍ ടൊവിനോക്കൊപ്പമുള്ളത്. താരത്തിന്റെ ഹിറ്റ് ചിത്രമായ ‘ഭൂല്‍ ഭുലയ്യ 2’വിലെ ഒരു രംഗത്തില്‍ മിന്നല്‍ മുരളിയുമായി നടന്‍ സംസാരിക്കുന്നതായാണ് വീഡിയോ.

”കൊടും ഭീകര വില്ലന്‍മാരെ പിടിക്കാന്‍, മാവില്‍ കേറാതെ മാങ്ങ പറിക്കാന്‍, അളിയനെ തള്ളി കിണറ്റില്‍ ഇടാന്‍, എന്തിനും ഏതിനും.. യുവേഴ്‌സ് ട്രൂലി മിന്നല്‍ മുരളി… നിനക്ക് എന്റെ അഡ്രസ് അറിയാമോ?” എന്നാണ് വീഡിയോയില്‍ കാര്‍ത്തിക് ആര്യനോട് ടൊവിനോ ചോദിക്കുന്നത്.

ഇല്ല എന്ന് കാര്‍ത്തിക് പറയുമ്പോള്‍ ”കുഴപ്പമില്ല എന്റെ വിസിറ്റിംഗ് കാര്‍ഡ് വച്ചോളു” എന്ന് പറഞ്ഞ് കാര്‍ഡ് കൊടുക്കുന്നതായും കാണാം. ‘മിന്നല്‍ മുരളി 2’വിന്റെ അപ്‌ഡേറ്റ് ആണോ എന്ന് ചോദിച്ചു കൊണ്ടാണ് പ്രേക്ഷകര്‍ എത്തുന്നത്. നെറ്റ്ഫ്‌ളിക്‌സ് പ്ലേ ബാക്ക് 2022 എന്ന ഹാഷ്ടാഗോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

View this post on Instagram

A post shared by Netflix India (@netflix_in)

Read more

നെറ്റ്ഫ്‌ളിക്‌സില്‍ 2022ല്‍ റിലീസ് ചെയ്ത ചിത്രങ്ങളുടെ പ്രമോഷന്‍ വീഡിയോ പോലെയാണ് ഈ പോസ്റ്റ് എത്തിയിരിക്കുന്നത്. മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടായേക്കുമെന്ന സൂചനയും നെറ്റ്ഫ്ലിക്സിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നല്‍കുന്നുണ്ട്.