ആഭ്യന്തര ക്രിക്കറ്റിലെയും ഐപിഎലിലെയും ശ്രദ്ധേയ പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ സ്ഥിരാംഗമായ താരമാണ് യശസ്വി ജയ്‌സ്വാള്‍. ടെസ്റ്റിലും ടി20 മത്സരങ്ങളിലും ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയാണ് യുവതാരം അന്താരാഷ്ട്ര തലത്തില്‍ തന്റെ വരവറിയിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായും ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനുമായി കളിച്ച് പ്രതിഭയുളള താരമാണ് താനെന്ന് ജയ്‌സ്വാള്‍ തെളിയിച്ചു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമില്‍ നിന്ന് മാറുകയാണെന്ന് ജയ്‌സ്വാള്‍ അറിയിച്ചത്. നായകസ്ഥാനം വാഗ്ദാനം ചെയ്തതിന് പിന്നാലെ അടുത്ത സീസണ്‍ മുതല്‍ താന്‍ ഗോവന്‍ ടീമിന് വേണ്ടി കളിക്കാന്‍ തീരുമാനിച്ചതായാണ് യുവതാരം അറിയിച്ചത്.
എന്നാല്‍ മുംബൈ നായകന്‍ അജിന്‍ക്യ രഹാനെയുമായുളള അസ്വാരസ്യത്തെ തുടര്‍ന്നാണ് ജയ്‌സ്വാള്‍ മുംബൈ വിട്ടതെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ ഇതേകുറിച്ച് ജയ്‌സ്വാളിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. നിലവില്‍ മുംബൈ ടീമില്‍ നിന്നുമുണ്ടാകുന്ന നിരന്തര സമ്മര്‍ദങ്ങളില്‍ യശസ്വി തൃപ്തനല്ലായിരുന്നു എന്നാണ് വിവരം. ക്യാപ്റ്റന്‍ രഹാനെയും ജയ്‌സ്വാളും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല. 2022ല്‍ ഒരു മത്സരത്തില്‍ രഹാനെ ജയ്‌സ്വാളിനെ സ്ലെഡ്ജിങിന് പുറത്താക്കിയതോടെയാണ് ഇരുവരും തമ്മിലുളള തര്‍ക്കങ്ങള്‍ ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അന്ന് ഡബിള്‍ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്‌കോറര്‍ ആയിരുന്നു ജയ്‌സ്വാള്‍. എന്നാല്‍ സൗത്ത് സോണ്‍ ടീമിലെ ഒരു ബാറ്ററെ അമിതമായി സ്ലെഡ്ജിങിന് വിധേയനാക്കിയതിന് അന്ന് വെസ്റ്റ് സോണ്‍ ക്യാപ്റ്റനായിരുന്ന രഹാനെ ജയ്‌സ്വാളിനെ പുറത്താക്കി. കൂടാതെ ഷോട്ട് സെലക്ഷന്റെ പേരില്‍ ജയ്‌സ്വാളിനെ എപ്പോഴും ചോദ്യം ചെയ്യാറുണ്ടായിരുന്നു. ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ മോശം ബാറ്റിങ്ങിനെ തുടര്‍ന്നും താരം വിമര്‍ശിക്കപ്പെട്ടു. മുംബൈ കോച്ച് ഓംകാര്‍ സാല്‍വിയും ക്യാപ്റ്റന്‍ രഹാനെയും താരത്തിന്റെ പ്രതിബദ്ധതയെ ചോദ്യം ചെയ്തു. ഇതില്‍ എല്ലാം സഹികെട്ടാണ് അടുത്തിടെ ജയ്‌സ്വാള്‍ ക്യാപ്റ്റന്‍ രഹാനെയുടെ കിറ്റ് ബാഗ് തട്ടിതെറിപ്പിച്ചതെന്ന് മുംബൈ ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു.