ഇന്ത്യ കീഴടക്കി, ഇത് ചരിത്രക്കുതിപ്പ്; 2025ലെ മിന്നും നേട്ടം, സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദന്‍

ഇന്ത്യയൊട്ടാകെ തരംഗമായി ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’. മലയാളം കണ്ട ഏറ്റവും വലിയ വയലന്‍സ് ചിത്രം എന്നു വിശേഷിപ്പിക്കുന്ന മാര്‍ക്കോയോ മറ്റു ഭാഷകളും സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ സുവര്‍ണ നേട്ടം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. റിലീസായി 16 ദിവസത്തിനുള്ളില്‍ 100 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ് മാര്‍ക്കോ.

ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20ന് ആണ് മാര്‍ക്കോ തിയേറ്ററിലെത്തിയത്. പിന്നാലെ ചിത്രം ഹിന്ദിയിലും തെലുങ്കിലും തമിഴിലും ചിത്രം ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. മാത്രമല്ല, ചിത്രം കൊറിയയിലും റിലീസിന് ഒരുങ്ങുകയാണ്.

‘ബാഹുബലി’ക്ക് ശേഷം കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമെന്ന നേട്ടവും ചിത്രം നേടിക്കഴിഞ്ഞു. ഏപ്രിലിലാണ് സിനിമയുടെ കൊറിയന്‍ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയില്‍ എത്തുന്നത്. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച ചിത്രം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദാണ് നിര്‍മ്മിച്ചിരിക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകളും എത്തിക്കഴിഞ്ഞു. മാര്‍ക്കോ 2വില്‍ ചിയാന്‍ വിക്രം വില്ലനായി എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ് എത്തിയിരിക്കുന്നത്. ഉണ്ണിക്ക് മുന്നില്‍ വില്ലനായി വിക്രം എത്തുകയാണെങ്കില്‍ സിനിമാപ്രേമികളുടെ ആവേശം ഇരട്ടിക്കുക തന്നെ ചെയ്യും.

സിദ്ദിഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിങ്, അഭിമന്യു തിലകന്‍, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും മാര്‍ക്കോയില്‍ വേഷമിട്ടിട്ടുണ്ട്. ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, സൗണ്ട് ഡിസൈന്‍: സപ്ത റെക്കോര്‍ഡ്‌സ്, ഓഡിയോഗ്രഫി: രാജകൃഷ്ണന്‍ എം ആര്‍, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍.