നായകനായും വില്ലനായും 'വാരിയംകുന്നന്‍'; സിനിമകള്‍ പ്രഖ്യാപിച്ച് നാല് സംവിധായകര്‍

മലബാര്‍ കലാപം അടിസ്ഥാനമാക്കി സിനിമകള്‍ പ്രഖ്യാപിച്ച് നാല് സംവിധായകര്‍. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കിയും വില്ലനാക്കിയുമുള്ള സിനിമകളാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു “വാരിയംകുന്നന്‍” പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മറ്റു സിനിമകളും പ്രഖ്യാപിച്ചത്.

നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് “ദ ഗ്രേറ്റ് വാരിയംകുന്നന്‍” എന്നാണ്. “ഷഹീദ് വാരിയം കുന്നന്‍” എന്ന പേരിലാണ് പി.ടി കുഞ്ഞുമുഹമ്മദ് ചിത്രം ഒരുക്കുന്നത്. വാരിയംകുന്നനെ നായകനാക്കിയാണ് ഈ ചിത്രങ്ങള്‍ ഒരുക്കുന്നത്.

സംവിധായകനും തിരക്കഥാകൃത്തുമായ അലി അക്ബര്‍ ഒരുക്കുന്ന “1921” എന്ന ചിത്രത്തില്‍ പ്രതിനായക വേഷമാണ് വാരിയംകുന്നന്. ആഷിഖ് അബുവിന്റെ വാരിയംകുന്നന്‍ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും.

“വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഞാന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിന്നാലെയാണ്. സിനിമയുടെ തിരക്കഥ ഏറെക്കുറേ പൂര്‍ത്തിയായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആഷിക്കിന്റെ ചിത്രം പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഞാനും പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ആവണമെന്നില്ല എനിക്ക്. മല്‍സരമൊന്നുമല്ല”” എന്നാണ്പി.ടി കുഞ്ഞുമുഹമ്മദ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്.

ഇബ്രാഹിം വേങ്ങര തിരക്കഥ രചിച്ച് ഇതിന്റെ നാടകരൂപം തയാറാക്കി സംവിധാനം ചെയ്തിട്ടുണ്ട്. “ദ് ഗ്രേറ്റ് വാരിയംകുന്നത്ത്” എന്ന പേരില്‍ സിനിമയുടെ പിന്നണി പിന്നണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.