ഇരകൾക്ക് കേസ് നൽകാൻ സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കും; പരാതിയില്ലാതെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് ആലോചിക്കുമെന്ന് മന്ത്രി വീണ ജോർജ്

ഇരയാക്കപ്പെട്ടവർക്ക് കേസ് നൽകാൻ സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റേയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻ്റെയും രാജിയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പേജുകൾ ഒഴിവാക്കിയതിനെ കുറിച്ച് കോടതിയിൽ സർക്കാർ പറയുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്രക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് വീണാ ജോർജ് ഇന്നലെ പറഞ്ഞിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന തെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ലെന്നും റിപ്പോർട്ടിന്മേൽ കൂടുതൽ നടപടികൾ ആവശ്യമുണ്ടെങ്കിൽ അത്തരത്തിൽ മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.