വിജയ് സങ്കടത്തില്‍, ആരാധകരും ഒരുപോലെ വിഷമിച്ചു, ചെരുപ്പേറില്‍ അന്വേഷണം വേണം; പരാതിയുമായി വിജയ് മക്കള്‍ ഈയക്കം

അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ വിജയ്ക്ക് നേരെ ഉണ്ടായ ചേരുപ്പേറ് സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യം. വിജയ്‌യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഈയക്കം ആണ് ചെന്നൈ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ നടനെതിരെ ചെരുപ്പ് എറിയുകയായിരുന്നു. വിജയ്യുടെ തലയുടെ പുറകില്‍ കൂടി ചെരുപ്പ് പോകുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍ വ്യക്തമായിരുന്നു. ഡിഎംഡികെ പാര്‍ട്ടി ആസ്ഥാനത്ത് ആയിരുന്നു വിജയ് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്.

ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ആരാധകരില്‍ തമ്മില്‍ പോരിന് ഇടയാക്കിയിരുന്നു. വിജയ് മക്കള്‍ ഇയക്കം സൗത്ത് ചെന്നൈ ഘടകം പ്രസിഡന്റ് ആണ് കോയമ്പേട് പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം ആവശ്യപ്പെട്ടത്. വിജയ്ക്ക് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ നടനെയും ആരാധകരെയും ഒരേപോലെ വേദനിപ്പിച്ചു.

പ്രതികളെ എത്രയും വേഗം കണ്ടെത്തി ഉചിതമായ ശിക്ഷ നല്‍കണമെന്നും പരാതിയില്‍ പറയുന്നു. അതേസമയം, വിജയ്യുടെ സിനിമാ കരിയറില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള നടനാണ് വിജയകാന്ത്. ഇരുവര്‍ക്കുമിടയില്‍ ആ സൗഹൃദവും സ്‌നേഹവും എപ്പോഴും ഉണ്ടായിരുന്നു. നേരത്തെ വിജയകാന്ത് സുഖമില്ലാതെയായി ആശുപത്രിയില്‍ കിടന്നപ്പോഴും വിജയ്ക്കെതിരെ വിദ്വേഷ പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു.

കരിയര്‍ ഉയര്‍ത്താന്‍ സഹായിച്ച ക്യാപ്റ്റനെ വിജയ് അവഗണിച്ചു എന്ന് ആരോപിച്ച് നടനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കരിയറില്‍ പരാജയപ്പെട്ട് കടത്തില്‍ മുങ്ങി നിന്ന സമയത്ത് സഹായിച്ച വിജയകാന്തിനെ വിജയ് മറന്നോ എന്ന ചോദ്യമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.