പ്രചാരണം ശക്തമാക്കാന്‍ വിജയ്; 10,000 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ആരംഭിക്കുന്നു

രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടില്ലെങ്കിലും വിജയ്ക്ക് വേണ്ടിയുള്ള പ്രചാരണത്തിലാണ് ആരാധക കൂട്ടാ്മയായ വിജയ് മക്കള്‍ ഇയക്കം. കൂടുതല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് സംഘടന ഇപ്പോള്‍.

സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണം ശക്തമാക്കാനായാണ് വിജയ് മക്കള്‍ ഇയക്കത്തിന്റെ തീരുമാനം. നിലവില്‍ 1600 വാട്സാപ്പ് ഗ്രൂപ്പുകളാണ് വിജയ് മക്കള്‍ ഇയക്കത്തിന്റെ വിവിധ യൂണിറ്റുകളുടെ പേരിലുള്ളത്. ഇത് 10,000 ആയി വര്‍ധിപ്പിക്കും.

ഈ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ 3000 പേരെ നിയോഗിക്കും. വിജയ്യുടെ രാഷ്ട്രീയപ്രവേശം ലക്ഷ്യമാക്കിയുള്ള നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്. രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനം നടത്തിയില്ലെങ്കിലും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മാതൃകയില്‍ ചില ലോക്സഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനും സാധ്യതയുണ്ട്.

സ്വതന്ത്ര സ്ഥാനാര്‍ഥികളായി രംഗത്തിറക്കി ജനപിന്തുണ അറിയാനാനാണ് ശ്രമം. ഇതിന് മുമ്പ് വിവിധ പോഷക സംഘടനകള്‍ രൂപവത്കരിക്കാനും അവയുടെ പ്രവര്‍ത്തനം താലൂക്ക് തലങ്ങളില്‍ വ്യാപിപ്പിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.