മൗനം പാലിക്കുമ്പോഴും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിച്ച് വിജയ്; ഫാന്‍സ് അസോസിയേഷന് 109 സീറ്റില്‍ വിജയം

രാഷ്ട്രീയത്തില്‍ വരാന്‍ താത്പര്യമില്ലെന്ന് വിജയ് പറയുമ്പോഴും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിച്ചിരിക്കുകയാണ് താരം. സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ് വിജയ് ഫാന്‍സ് അസോസിയേഷന്റെ മക്കള്‍ ഇയക്കം. ഒന്‍പത് ജില്ലകളിലായി 59 ഇടത്താണ് ദളപതി വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ വിജയിച്ചിരിക്കുന്നത്.

169 ഇടങ്ങളില്‍ മത്സരിച്ച സംഘടനയുടെ 109 സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ഇതില്‍ 13 പേര്‍ എതിരാളികള്‍ ഇല്ലാതെയാണ് വിജയിച്ചത് എന്നാണ് ദളപതി വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍ അറിയിക്കുന്നത്. എന്നാല്‍ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തെ, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിജയ്‌യുടെ പേരില്‍ അച്ഛന്‍ ചന്ദ്രശേഖര്‍ പാര്‍ട്ടി ആരംഭിക്കാന്‍ ശ്രമിച്ചിരുന്നു. ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഉണ്ടാക്കിയ വിജയ് മക്കള്‍ ഇയക്കത്തിനെതിരെ വിജയ് തന്നെ രംഗത്ത് എത്തിയിരുന്നു. ഇതോടെ ഇരുവരും ഇപ്പോഴും അകല്‍ച്ചയിലാണ്.

തന്റെ പേര് ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്നും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിന്നും മാതാപിതാക്കള്‍ അടക്കമുള്ളവരെ തടയണമെന്ന് ആവശ്യപ്പെട്ട് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.