'കോബ്ര'യ്ക്ക് ശേഷം 'പൊന്നിയിന്‍ സെല്‍വനി'ലേക്ക്; മണിരത്‌നം ചിത്രത്തില്‍ വിക്രം ജനുവരിയില്‍ ജോയിന്‍ ചെയ്യും

മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം “പൊന്നിയിന്‍ സെല്‍വനെ” കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നടന്‍ വിക്രം ജനുവരിയില്‍ ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യും. കോബ്ര എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷം ഉടന്‍ തന്നെ പൊന്നിയിന്‍ സെല്‍വന്‍ ലൊക്കേഷനില്‍ വിക്രം എത്തും.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ “പൊന്നിയിന്‍ സെല്‍വന്‍” നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളും ബോളിവുഡ് താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കാര്‍ത്തി, ജയം രവി, അമിതാബ് ബച്ചന്‍, ജയറാം, ഐശ്വര്യ റായ് ബച്ചന്‍, തൃഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ള നോവലാണ് പൊന്നിയിന്‍ സെല്‍വന്‍. 2400 പേജുകളുള്ള ഈ നോവല്‍ തമിഴിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അഞ്ചുഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവലാണ് ഇതെന്നതിനാല്‍ അതു ചുരുക്കി, രണ്ട് ഭാഗങ്ങളുള്ള സിനിമയാക്കാനാണ് മണിരത്‌നത്തിന്റെ ശ്രമം. ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം.

Read more

മഹാഭാരതം പോലെ ഒരുപാട് കഥാപാത്രങ്ങളും യുദ്ധരംഗങ്ങളും ഉള്ള സിനിമയാണ്. ചിത്രം രണ്ട് ഭാഗങ്ങളായിരിക്കും പുറത്തിറങ്ങുക എന്ന് ജയറാം വ്യക്തമാക്കിയിരുന്നു. അശ്വകാര്‍ഡിയന്‍ നമ്പി എന്ന കഥാപാത്രമായാണ് ജയറാം പൊന്നിയിന്‍ സെല്‍വനില്‍ വേഷമിടുന്നത്. ഐശ്വര്യറായ് ഡബിള്‍ റോളിലെത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.