എന്തുകൊണ്ടാണ് തമന്റെ ഗാനങ്ങള്‍ മാത്രം ചോരുന്നത്? ഓണ്‍ലൈനില്‍ ലീക്കായത്‌ 5 സിനിമകളിലെ പാട്ടുകള്‍! ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

മഹേഷ് ബാബുവിന്റെ ‘ഗുണ്ടൂര്‍ കാരം’ ചിത്രത്തിലെ ഗാനം ചോര്‍ന്നു. ഗാനത്തിന്റെ 30 സെക്കന്‍ഡ് ആണ് ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുന്നത്. ഇതോടെ എന്തുകൊണ്ടാണ് സംഗീതസംവിധായകന്‍ തമന്‍ എസിന്റെ പാട്ടുകള്‍ മാത്രം റിലീസിന് മുമ്പ് ഓണ്‍ലൈനില്‍ എത്തുന്നത് എന്ന ചോദ്യമാണ് തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ഉയരുന്നത്.

ഗുണ്ടൂര്‍ കാരത്തിന് മുമ്പും തമന്‍ എസിന്റെ നിരവധി ഗാനങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുണ്ട്. ‘സര്‍ക്കാരു വാരി പാട്ട’, ‘ഭീംല നായക്’, ‘വാരിസ്’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും ഓണ്‍ലെനില്‍ ചോര്‍ന്നിരുന്നു. ഇത് കൂടാതെ രാം ചരണ്‍-ശങ്കര്‍ ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും ഓണ്‍ലൈനില്‍ എത്തിയിരുന്നു.

ദീപാവലിക്ക് ഔദ്യോഗികമായി റിലീസ് ചെയ്യുന്നതിന് മുമ്പായാണ് ഗാനങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. ‘ഗുണ്ടൂര്‍ കാര’ത്തിലെ മസാല ബിരിയാണി എന്ന ഗാനമാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്. എന്തുകൊണ്ടാണ് തമന്റെ മാത്രം ഗാനങ്ങള്‍ ഇങ്ങനെ ചോരുന്നത് എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്.

എന്നാല്‍ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളോ തമനോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, ത്രിവിക്രം ശ്രീനിവാസ് ആണ് ഗുണ്ടൂര്‍ കാരം ഒരുക്കുന്നത്. ജനുവരിയിലാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ പോസ്റ്ററില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ എത്തുകയാണ് മഹേഷ് ബാബു.

ബീഡി വലിച്ച് മാസ്സ് ലുക്കിലാണ് പോസ്റ്ററില്‍ മഹേഷ് ബാബു പ്രത്യക്ഷപ്പെട്ടത്. പിഎസ് വിനോദ് ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഹാരിക ആന്‍ഡ് ഹസിന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ എസ് രാധാകൃഷ്ണനും നാഗ വംശിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.