ജയ് ഭീം.. അഥവാ ഭരണഘടന വിജയിക്കട്ടെ !

ഒരു സിനിമയെ കുറിച്ചാണ് ഈ ലേഖനം. എന്നാല്‍ ഇതൊരു സിനിമാനിരൂപണമല്ല. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം ആണ് പ്രതിപാദിതമാകുന്ന സിനിമ. ഡോ. ബി ആര്‍ അംബേദ്കറുടെ പേരാണ് ഭീം. ഭീംറാവു റാംജി അംബേദ്കര്‍ എന്നാണ് അദ്ദേഹത്തിന്റെ മുഴുവന്‍ പേര്. അംബേദ്കര്‍ അനുയായികളുടെ അഭിവാദ്യമാണ് ജയ് ഭീം.

പേര് സൂചിപ്പിക്കുന്നതു പോലെ നീതിനിഷേധത്തിന്റെ ഗര്‍ത്തത്തില്‍ ചവിട്ടി താഴ്ത്തപ്പെട്ടിരിക്കുന്ന അധ:സ്ഥിതരുടെ പ്രത്യാശയുടെ കഥയാണിത്. ആ പ്രത്യാശ നല്‍കിയ വ്യക്തിക്കുള്ള ആദരാഞ്ജലി എന്നും പറയാം. തമിഴ്‌നാട്ടിലെ ഒരു കുഗ്രാമത്തില്‍ എലിയെ പിടിച്ചും അടിമപ്പണി ചെയ്തും എന്നാല്‍ കൊച്ചുകൊച്ചു സന്തോഷങ്ങള്‍ അനുഭവിച്ചും കഴിഞ്ഞിരുന്ന ഒരു കുടുംബത്തിന്റെ ദുരന്തത്തിന്റെ കഥയാണ് ജയ് ഭീം. മണികണ്ഠന്‍ അവതരിപ്പിക്കുന്ന രാജക്കണ്ണ് ഭാര്യ ഗര്‍ഭം ധരിച്ചതിന്റെ സന്തോഷത്തില്‍ കഴിയുമ്പോഴാണ് ഗ്രാമത്തില്‍ നടന്ന മോഷണക്കേസില്‍ പൊലീസിന്റെ പിടിയിലായത്. ലോക്കപ്പില്‍ അതിക്രൂരമായ മര്‍ദ്ദനമേറ്റ് അയാള്‍ മരിക്കുന്നു. ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങുന്ന ചെങ്കനിയുടെ വിഹ്വലത നിറഞ്ഞ യാത്രകളും പീഡനങ്ങളുമാണ് കഥയുടെ പ്രധാന ഭാഗം. ലിജോമോള്‍ ജോസാണ് ഈ യുവതിയുടെ റോള്‍ വിശ്വസനീയമായി അവതരിപ്പിച്ചിരിക്കുന്നത്.

അഭിഭാഷകനായ ചന്ദ്രു ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി മദ്രാസ് ഹൈക്കോടതിയിലെത്തുന്നതോടെ കഥയുടെ വേഗവും ആവേഗവും വര്‍ദ്ധിക്കുന്നു. കക്ഷിയോടുള്ള അനുകമ്പയും സഹാനുഭൂതിയും നിറഞ്ഞു നില്‍ക്കുന്ന സവിശേഷവും സ്വാഭാവികവുമായ അഭിനയമാണ് ഈ റോളില്‍ സൂര്യ കാഴ്ചവെയ്ക്കന്നത്. പൊലീസ് കസ്റ്റഡിയില്‍ അപ്രത്യക്ഷനായ രാജക്കണ്ണിനു വേണ്ടി സമര്‍പ്പിക്കപ്പെടുന്ന ഹേബിയസ് കോര്‍പസ് കേസ് തെളിവെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ കേരളത്തിലെ രാജന്‍ കേസ് പരാമര്‍ശിക്കപ്പെടുന്നുണ്ട്. കാണാതായ രാജനു വേണ്ടിയുള്ള ഹേബിയസ് കോര്‍പസ് കേസില്‍ തെളിവെടുക്കുകയെന്ന അസാധാരണ നടപടി ജസ്റ്റിസ് സുബ്രഹ്‌മണ്യന്‍ പോറ്റി സ്വീകരിച്ചു.  അതിനെ അടിസ്ഥാനമാക്കിയാണ് ജയ് ഭീമിലെ നാടകീയവും ഉദ്വേഗജനകവുമായ കോടതി നടപടികള്‍ മുന്നോട്ടു പോകുന്നത്.

വിചാരണയില്‍ മാത്രമല്ല ജയ് ഭീമിനു രാജന്‍ കേസുമായി സാമ്യമുള്ളത്. ലോക്കപ്പില്‍ അതിദാരുണമായ ഉരുട്ടിക്കൊലയ്ക്ക് ഒരു സാധുമനുഷ്യന്‍ വിധേയനാകുന്നതും മൃതദേഹം അപ്രത്യക്ഷമാകുന്നതും ഭര്‍ത്താവിനെ അന്വേഷിച്ചിറങ്ങുന്ന ഗര്‍ഭിണിയായ ഭാര്യയോടുള്ള ദയാരഹിതമായ പെരുമാറ്റവും ഉള്‍പ്പെടെ കഥയുടെ അന്തര്‍ധാര രാജന്‍ കേസില്‍ നിന്ന്  പ്രചോദനം ഉള്‍ക്കൊണ്ടതായി നമുക്ക് അനുഭവപ്പെടും. അതാകട്ടെ, ഇന്ത്യന്‍ പൊലീസ് സംവിധാനത്തില്‍ ദരിദ്രരും ദളിതരും ആദിവാസികളും അനുഭവിക്കുന്ന കൊടിയ പീഡനങ്ങളുടെ കണ്ണീരും ചോരയും വീണ നേര്‍ക്കാഴ്ചയായി മാറുന്നു. രാജക്കണ്ണിന്റെ തിരോധാനത്തിന്റെ ചുരുള്‍ അഴിയുന്നതോടെ അന്യഥാ ദുരന്തകഥയായി അവസാനിക്കുമായിരുന്ന ചിത്രം പ്രതീക്ഷാനിര്‍ഭരമാകുന്നത് രാജക്കണ്ണിന്റെ മകള്‍ ചന്ദ്രുവിനൊപ്പം കാലിന്മേല്‍ കാല്‍ കയറ്റിയിരുന്ന് പത്രം വായിക്കുന്ന രംഗത്തോടെയാണ്. വിസ്മൃതിയുടെ ചേറില്‍ ചവിട്ടി താഴ്ത്തപ്പെടുന്ന ആദിവാസികളുടെ ഉണരുന്ന ആത്മഗൗരവത്തിന്റെ ശുഭപ്രതീക്ഷയാണ് ആ ബാലിക നല്‍കുന്നത്. ജയ് ഭീം എന്ന പേര് സാര്‍ത്ഥകവും അന്വര്‍ത്ഥവുമാകുന്നത് ഈ രംഗത്തോടെയാണ്.

കോടതി നിയോഗിച്ചതനുസരിച്ച് അന്വേഷണം ഏറ്റെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായി പ്രകാശ് രാജ് ഈ സിനിമയിലുണ്ട്. കേവലം ഒരു കുറ്റാന്വേഷണ കഥയായി മാറാതെ മനുഷ്യാവകാശങ്ങളുടെയും സാമൂഹ്യനീതിയുടെയും കാണാപ്പുറങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന വിസ്മയചിത്രമാണ് ജ്ഞാനവേല്‍ സാങ്കേതികമായ മികവോടെ ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ പിറവിയ്ക്ക് ഒപ്പം നിര്‍ത്താവുന്ന ഹൃദയദ്രവീകരണക്ഷമമായ ആവിഷ്‌കാരമാണ് ജ്ഞാനവേലിൻറേത്. പിറവിയിലെ മകനെ അന്വേഷിക്കുന്ന പിതാവിനു പകരം ഇവിടെ ഭര്‍ത്താവിനെ അന്വേഷിക്കുന്ന ഭാര്യയാണെന്ന വ്യത്യാസമാണുള്ളത്.

പ്രതീക്ഷകള്‍ പൂര്‍ണമായും അസ്തമിക്കുമ്പോള്‍ നിയമം നിങ്ങളുടെ സഹായത്തിനെത്തുമെന്ന ഉറപ്പ് ഈ ചിത്രം നല്‍കുന്നുണ്ട്. അധ:സ്ഥിതര്‍ക്ക് അംബേദ്കര്‍ നല്‍കുന്ന ഭരണഘടനാപരമായ ഉറപ്പാണത്. ഭരണഘടനയുടെ ജീവനും ആത്മാവും എന്ന് അംബേദ്കര്‍ വിശേഷിപ്പിച്ച അനുഛേദം 32 അനുസരിച്ച് കോടതിക്കു ലഭിച്ചിരിക്കുന്ന സവിശേഷാധികാരമാണ് ഹേബിയസ് കോര്‍പസ്. നിയമത്തിന്റെ പരിരക്ഷയും പ്രതീക്ഷയുമാണത്. ജയ് ഭീം എന്ന അഭിവാദ്യം പദവിഭേദമെന്യേ ഓരോ വ്യക്തിയും സ്വീകരിക്കാന്‍ നിര്‍ബന്ധിതനാകുന്നത് ഈ പ്രതീക്ഷയിലാണ്. ഭരണഘടനയുടെ ചൈതന്യത്തിന് അനുസൃതമായ മികവ് പ്രമേയത്തിലും ആവിഷ്‌കാരത്തിലും പുലര്‍ത്തിയെന്നതാണ് ജ്ഞാനവേലിനു അഭിമാനിക്കാവുന്ന നേട്ടം.

Read more

അധികാരത്തിന്റെ പിടിയില്‍ അന്യായമായി അകപ്പെട്ട് അപ്രത്യക്ഷരാകുന്നവരുടെ കഥകള്‍ എല്ലാ ഭാഷയിലുമുണ്ട്. അവയ്ക്ക് ഭാഷാതീതമായ സാര്‍വലൗകിക സ്വഭാവമുണ്ട്. അതുകൊണ്ടാണ് ജയ് ഭീം നമുക്ക് അര്‍ത്ഥപൂര്‍ണമായി ആസ്വദിക്കാനും അനുഭവിക്കാനും കഴിയുന്നത്. തിരിച്ചറിയലിനു രേഖയോ ചിത്രമോ ഇല്ലാതെ സ്വത്വവും അസ്തിത്വവും മറന്ന് മര്‍ദ്ദകരുടെ കാരുണ്യത്തില്‍ ജീവിക്കേണ്ടി വരുന്ന മര്‍ദ്ദിതരുടെ ഓര്‍മ്മയാണ് ഈ സിനിമ.