മലയാളിയുടെ മനസുകള്‍ കീഴടക്കിയ ബംഗാളി; മാനസ മൈനേയിലൂടെ വരുത്തിയത് 'സുവര്‍ണ്ണകമലം'; ശ്രവണ മധുര ഗാനങ്ങള്‍ സംഗീത ലോകത്തിനു സമ്മാനിച്ച സലില്‍ ചൗധരി

സംഗീതം എല്ലാക്കാലത്തും ഒരു പരിധി വരെ മനുഷ്യന്റെ വേദനകളെയും മുറിവുകളെയും സുഖപ്പെടുത്തിയിട്ടുണ്ട്. സംഗീതത്തിന് ഭാഷയില്ല, അതെപ്പോഴും യൂണിവേഴ്സലായി നിലകൊള്ളുന്നു. വികാരങ്ങളുടെ കൈമാറ്റം സംഗീതത്തിലൂടെ നടക്കുന്നു. 

കേരളത്തിന്റെ സംഗീത പാരമ്പര്യം എല്ലാക്കാലത്തും ലോകത്തിന്റെ മുൻപിൽ അഭിമാനത്തോടെ അവതരിപ്പിക്കാൻ കഴിയുന്ന ഒന്നാണ്. പ്രതിഭകളെ  മലയാളികൾ എല്ലാ കാലത്തും അംഗീകരിച്ചിട്ടുണ്ട്. സലില്‍ ചൗധരി എന്ന സംഗീതജ്ഞൻ മലയാളികൾക്ക് ഒരിക്കലും അന്യനായിരുന്നില്ല. മലയാളി അല്ലാത്ത, എന്നാൽ സംഗീതം കൊണ്ട് മലയാളിയായി തീർന്ന നമ്മളെല്ലാം സ്നേഹത്തോടെ സലില്‍ ദാ എന്ന് വിളിച്ച സലില്‍ ചൗധരി നമ്മെ വിട്ട് പിരിഞ്ഞിട്ട് കഴിഞ്ഞ ദിവസം ഇരുപത്തിയെട്ട് വർഷങ്ങൾ പൂർത്തിയായി. 

സലീൽ ചൗധരി

1925 നവംബർ 19 ന് വെസ്റ്റ് ബംഗാളിലെ ഗാസിപ്പൂർ ഗ്രാമത്തിലാണ് സലില്‍ ചൗധരി  ജനിക്കുന്നത്. പടിഞ്ഞാറൻ സംഗീതവുമായി ബന്ധപ്പെട്ട് ഒരുപാട് കാസറ്റുകളും ഗ്രാമഫോണുകളും സലില്‍ ചൗധരിയുടെ പിതാവിനുണ്ടായിരുന്നത് കൊണ്ട് തന്നെ ചെറുപ്പം മുതലേ അദ്ദേഹം സംഗീതവുമായി ബന്ധപ്പെട്ട്  തന്നെയായിരുന്നു വളർന്നത്. നാല്പത്തുകളിലെ ബംഗാളിലെ രാഷ്ട്രീയ സാമൂഹിക അരക്ഷിതാവസ്ഥയും രണ്ടാം ലോക മഹായുദ്ധാനന്തര  ജീവിതവും അദ്ദേഹത്തിന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. 

അതുകൊണ്ട് തന്നെ ബംഗാളിലെ മുഖ്യധാരാ ഇടത്തുപക്ഷത്തോട് ചേർന്ന് നിൽക്കുകയും, ഇന്ത്യൻ പീപ്പിൾ തീയറ്റർ അസ്സോസിയേഷനിൽ അംഗമാവുകയും ഒരുപാട് ഗാനങ്ങളെഴുതി ജന ഹൃദയങ്ങളിൽ കൂടിയിരിക്കാനും സാധിച്ചു. പിന്നീട് ‘ദോ ബിഗാ സമീൻ’ എന്ന ഹിന്ദി ചിത്രത്തിന് സംഗീതം നല്കുന്നതിലൂടെ സിനിമയിലേക്കുള്ള അരങ്ങേറ്റം സലില്‍ ചൗധരി ഗംഭീരമാക്കി. പിന്നീടൊരിക്കലും അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബംഗാളി, ഹിന്ദി, മലയാളം തുടങ്ങീ പതിമൂന്നോളം ഭാഷകളിൽ വ്യത്യസ്ത കാലഘട്ടങ്ങളിൽ ഇരുന്നൂറോളം ചിത്രങ്ങൾക്ക് സലില്‍ ചൗധരി സംഗീതം നിർവഹിച്ചു. 

ലളിതവും അതേ സമയം മനോഹരവുമായ ഒരുപാട് നല്ല ഗാനങ്ങൾ തന്റെ സംഗീത ജീവിതത്തിൽ  സലിൽ  ദാ ലോകത്തിന് സമ്മാനിച്ചു. 1965 ൽ മലയാളത്തിന് സുവർണ്ണ കമലം നേടി തന്ന ‘ചെമ്മീൻ’ എന്ന ചിത്രത്തിലൂടെയാണ് സലില്‍ ചൗധരി മലയാളത്തിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. അത് വരെ കേട്ട് ശീലിച്ച പരമ്പരാഗതമായ ഈണങ്ങളിൽ നിന്നും വ്യത്യസ്തമായി, ഒരുപാട് സംഗീത ഉപകരണങ്ങളുടെ ഉപയോഗവും കൂടി ചേർന്നപ്പോൾ മലയാളിക്ക് അതൊരു  നവ്യാനുഭവമായി.  സംഗീതമൊരുക്കിയതിന് ശേഷം വരികളെഴുതുന്ന രീതി ആദ്യമായി മലയാളത്തിൽ പ്രചാരത്തിൽ കൊണ്ട് വന്നതും സലില്‍ ചൗധരിയായിരുന്നു. 

ചെമ്മീൻ, ഏഴു രാത്രികൾ, രാസലീല, അഭയം, നീല പൊന്മാൻ, സ്വപന രാഗം, നെല്ല്, തോമാശ്ലീഹ, പ്രതീക്ഷ, സമയമായില്ല പോലും, തുലാവർഷം, അപരാധി, ഏതോ ഒരു സ്വപനം, മദനോത്സവം, ഒരു ഗാനം മറക്കുമോ, വിഷുക്കണി, ദേവദാസി, ചുവന്ന ചിറകുകൾ, എയർ ഹോസ്റ്റസ്, ഈ ഗാനം മറക്കുമോ, പുതിയ വെളിച്ചം, അന്തിവെയിലിലെ പൊന്ന്, എന്റെ കൊച്ചു തമ്പുരാൻ, തുമ്പോളി കടപ്പുറം  എന്നിവയൊക്കെയാണ്  സലില്‍ ചൗധരി സംഗീതം നൽകിയ പ്രധാന മലയാളം സിനിമകൾ. 

കൂടാതെ വയലാർ, പി. ഭാസ്ക്കരൻ, ഓ. എൻ. വി. കുറുപ്പ്, ശ്രീകുമാരൻ തമ്പി, കൈതപ്രം തുടങ്ങീ മലയാളത്തിലെ പ്രതിഭകൾക്കും സലില്‍ ചൗധരിയുടെ കൂടെ പ്രവർത്തിക്കാൻ അവസരം കിട്ടിയിട്ടുണ്ട്, അതിലൂടെ മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരു സുവർണ്ണ കലാഘട്ടത്തിന്റെ ഓർമ്മകളാണ് തിരിച്ചുവരുന്നത്. മലയാളത്തിൽ യേശുദാസാണ് സലില്‍ ചൗധരിയുടെ ഗാനങ്ങൾക്ക് ഏറ്റവും കൂടുതൽ തവണ ശബ്ദം നല്കിയിരിക്കുന്നത്.  കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന സബിതാ ചൗധരിയുമായുള്ള സംഗീത കൂട്ടുകെട്ടുകളും പ്രശസ്തമായിരുന്നു.

ശ്രീകുമാരൻ തമ്പി, യേശുദാസ്, സലീൽ ചൗധരി

 

മാനസ മൈനേ വരൂ, പെണ്ണാളെ പെണ്ണാളെ കരിമീൻ  കണ്ണാളേ  കണ്ണാളേ, കടലിനക്കരെ പോണോരെ, കാടാറു മാസം നാടാറു മാസം, മഴവിൽക്കൊടി കാവടി അഴകു വിദരത്തിയ   മനയ്ക്കലെ തത്തേ മറക്കുട തത്തേ.. , നാടൻപാട്ടിലെ മൈന, കാട് കറുത്ത കാട്, മലർകൊടി പോലെ വർണ്ണ തുടി പോലെ, ഓണപ്പൂവേ ഓമൽപ്പൂവേ, കാതിൽ തേൻമഴയായി പാടൂ കാറ്റേ കടലേ.. തുടങ്ങീ ഗൃഹാതുരതയുണർത്തുന്ന ഒരുപാട് ഗാനങ്ങൾ നമ്മുക്കദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.

Read more

ഒരുപാട് മനോഹരമായ സംഗീതം ലോകത്തിന് സമ്മാനിച്ച് തന്റെ എഴുപതിയഞ്ചാം വയസ്സിലാണ് സലീൽ ചൗധരി ഈ ലോകത്തോട് വിട പറഞ്ഞത്.എത്ര തലമുറകൾ കഴിഞ്ഞാലും  സംഗീതമുള്ളിടത്തോളം കാലം സലീൽ ദാ ഈ  ലോകത്ത്  ഓർമ്മിക്കപ്പെടും.