വിജയ് ചിത്രം ‘ഗില്ലി’യുടെ റീ റിലീസിന് ലഭിക്കുന്ന സ്വീകരണം കണ്ട് ഞെട്ടി കോളിവുഡ്. ഈ വര്‍ഷം വന്‍ തകര്‍ച്ചയിലേക്ക് നീങ്ങി കൊണ്ടിരുന്ന തമിഴ് സിനിമയ്ക്ക് ആശ്വാസം പകരുകയാണ് ഗില്ലി സിനിമ. ഏപ്രില്‍ 20ന് വീണ്ടും തിയേറ്ററുകളില്‍ എത്തിയ ചിത്രം 20 കോടി കളക്ഷന്‍ പിന്നിട്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും ആവേശത്തോടെയാണ് ആരാധകര്‍ സിനിമ ഏറ്റെടുത്തിരിക്കുന്നത്.
ഗില്ലി റീ റിലീസ് എന്ന് കേട്ടപ്പോള്‍ അത് ഒരു ദിവസത്തെ ആഘോഷം എന്നാണ് കരുതിയതെന്നും. ഇത്രയും വലിയ വിജയം ആകുമെന്ന് കരുതിയില്ല എന്നാണ് ചിത്രത്തിന്റെ സംവിധായകനായ ധരണി ദ ഹിന്ദുവിനോട് പ്രതികരിച്ചിരിക്കുന്നത്. റീ റിലീസിന് ഇത്രയും സ്വീകാര്യതയുണ്ടെങ്കില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടെന്നും ധരണി പറയുന്നുണ്ട്.
ചിത്രം റീ റിലീസ് ചെയ്ത വിതരണക്കാര്‍ താരത്തിനോട് ഒരു അഭ്യര്‍ത്ഥനയും നടത്തിയിട്ടുണ്ട്. വിജയ്‌യെ പൂമാല അണിയിച്ചതടക്കമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വിതരണക്കാരായ ശക്തി ഫിലിം ഫാക്ടറിയുടെ ശക്തിവേല്‍ ആണ് വിജയ്യെ കണ്ടത്.
Today, @sakthivelan_b sir from Sakthi Film Factory had the pleasure of meeting Thalapathy @actorvijay to congratulate him on the massive blockbuster re-release of #Ghilli, brought to you by SFF. During the meeting, Sakthivelan Sir requested #ThalapathyVijay to consider acting in… pic.twitter.com/I4ym7zhxj0
— Sakthi Film Factory (@SakthiFilmFctry) April 24, 2024
ബിസിനസിനപ്പുറം വിജയ് സിനിമകള്‍ ആരാധകര്‍ക്ക് ഒരു ആഘോഷമാണ്. ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യണമെന്നായിരുന്നു ശക്തിവേലിന്റെ അഭ്യര്‍ത്ഥന. ഇതിന്റെ വീഡിയോ ശക്തി ഫാക്ടറിയുടെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. വിജയ് ചിരിച്ചുകൊണ്ട് അഭ്യര്‍ത്ഥനയ്ക്ക് തലയാട്ടുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍, രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ് സിനിമാ ജീവിതത്തിന് വിരാമമിടുമെന്ന് പറഞ്ഞിരുന്നു. കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയം നിര്‍ത്തുമെന്നും മുഴുവന്‍ സമയവും രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വെക്കും എന്നായിരുന്നു വിജയ് പറഞ്ഞത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ദ ഗോട്ട്’ ആണ് വിജയ് ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം.