റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി, 'ലിയോ' നിര്‍മ്മാതാവ് കോടതിയിലേക്ക്!

റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ‘ലിയോ’ നിര്‍മ്മാതാവ് കോടതിയിലേക്ക്. തമിഴ്‌നാട്ടിലും പുലര്‍ച്ചെ നാല് മണിക്ക് വിജയ് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിര്‍മാതാവ് എസ്.എസ് ലളിത് കുമാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

വിദേശത്ത് അടക്കം നിരവധി ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും തമിഴ്‌നാട്ടില്‍ പുലര്‍ച്ചെ പ്രദര്‍ശനം അനുവദിച്ചിട്ടില്ല. ലിയോയുടെ റിലീസ് ഒക്ടോബര്‍ 19ന് ആണ്. കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് ചിത്രത്തിന് പ്രദര്‍ശനം ആരംഭിക്കും. എന്നാല്‍ തമിഴ്‌നാട്ടില്‍ ഒമ്പത് മണിക്കാകും ചിത്രത്തിന്റെ പ്രദര്‍ശനം.

അജിത്ത് നായകനായ ‘തുനിവ്’ എന്ന ചിത്രത്തിന്റെ റിലീസിന് ഒരു ആരാധകന്‍ മരിച്ച സംഭവത്തെ തുടര്‍ന്നായിരുന്നു തമിഴ്‌നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. അതുകൊണ്ട് തന്നെ കേരള അതിര്‍ത്തിയില്‍ വിജയ് ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പാലക്കാടും ഇടുക്കിയും കൊല്ലവും തിരുവനന്തപുരത്തുമെല്ലാം ചിത്രം കാണാന്‍ തമിഴ്‌നാട്ടില്‍ നിന്നും ആരാധകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ണാടകയിലും ലിയോയ്ക്ക് പുലര്‍ച്ചെ നാലിന് ഷോകള്‍ ഉണ്ടായിരിക്കും എന്ന് റിപ്പോര്‍ട്ടുകളുള്ളതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിജയ് ആരാധകര്‍ അവിടെയും എത്തിയേക്കും.

അതേസമയം, ലിയോയുടെ ആദ്യദിന പ്രീ സെയില്‍ അഞ്ച് കോടി കഴിഞ്ഞു. മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ലോകേഷും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണിത്. അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, തൃഷ, മാത്യു, മന്‍സൂര്‍ അലിഖാന്‍, ബാബു ആന്റണി, സാന്റി മാസ്റ്റര്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.