ഉത്സവപ്രതീതി ഉണര്‍ത്തി തലൈവര്‍; 'അണ്ണാത്തെ' ഫസ്റ്റ്‌ലുക്കും റിലീസ് തിയതിയും പുറത്ത്

രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യുടെ ഫസ്റ്റ് ലുക്കും റിലീസ് തിയതിയും പുറത്ത്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ നാലിന് ദീപാവലി റിലീസ് ആയി തിയേറ്ററുകളിലെത്തും. ഉത്സവപ്രതീതി ഉണര്‍ത്തുന്ന വിധത്തിലാണ് ഫസ്റ്റ്‌ലുക്ക് എത്തിയിരിക്കുന്നത്.

നയന്‍താര, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, മീന, ഖുശ്ബു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ജാക്കി ഷ്‌റോഫ്, ജഗബതി ബാബു എന്നിവരാണ് വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ഡി. ഇമ്മന്‍. വെട്രി പളനിസ്വാമിയാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് റൂബന്‍, ആര്‍ട്ട് മിലന്‍.

പേട്ട എന്ന സിനിമയ്ക്ക് ശേഷം സണ്‍പിക്‌ച്ചേഴ്‌സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് അണ്ണാത്തെ. രജനികാന്തിന്റെ 168-ാമത്തെ ചിത്രം കൂടിയാണിത്. ദര്‍ബാര്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഹൈദരബാദില്‍ കോവിഡ് രാത്രി കര്‍ഫ്യുവിനിടെയിലും അണ്ണാത്തെയുടെ ചിത്രീകരണം നടന്നിരുന്നു. രാത്രികാലങ്ങളില്‍ ചിത്രീകരിക്കേണ്ട പ്രധാനപ്പെട്ട രംഗങ്ങള്‍ ഉള്ളതിനാലാണ് സര്‍ക്കാറില്‍നിന്ന് ടീം പ്രത്യേക അനുമതി വാങ്ങിയത്. പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു ഷൂട്ടിംഗ്.

Image