കേരളം കീഴടക്കി 'ലിയോ', ടിക്കറ്റ് കിട്ടാനില്ല, ഞായാറാഴ്ച വരെ തിയേറ്ററുകള്‍ ഹൗസ്ഫുള്‍; അഡ്വാന്‍സ് റിസര്‍വേഷനില്‍ ലഭിച്ചത് കോടികള്‍!

ആരാധകരുടെ പ്രതീക്ഷയ്ക്ക് വലിയ കോട്ടം തട്ടാത്ത വിധത്തിലാണ് വിജയ് ചിത്രം ‘ലിയോ’ എത്തിയിരിക്കുന്നത്. ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത് എങ്കിലും ‘വിക്രം’, ‘കൈതി’ എന്നീ ചിത്രങ്ങളുടെ അടുത്തെത്താന്‍ ലിയോക്ക് സാധിച്ചിട്ടില്ല എന്ന പ്രതികരണങ്ങളും എത്തുന്നുണ്ട്.

സമീപകാമലത്ത് ഒരു തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഹൈപ്പിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ലഭിച്ച ഹൈപ്പ് എത്രയെന്നതിന് തെളിവായിരുന്നു അഡ്വാന്‍സ് റിസര്‍വേഷനില്‍ ചിത്രത്തിന് ലഭിച്ച പ്രതികരണം. കേരളമുള്‍പ്പെടെയുള്ള പല മാര്‍ക്കറ്റുകളിലും ഓപണിംഗ് റെക്കോര്‍ഡ്, പ്രീ റിലീസ് ബുക്കിംഗിലൂടെ തന്നെ ചിത്രം നേടിയിരുന്നു.

ഇപ്പോഴിതാ റിലീസിന് മുമ്പ് അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ചിത്രം ആകെ എത്ര നേടി എന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ഇന്ന് മുതല്‍ 22-ാം തിയതി, ഞായറാഴ്ച വരെയുള്ള നാല് ദിനങ്ങളിലെ ടിക്കറ്റുകളുടെ അഡ്വാന്‍സ് റിസര്‍വേഷനില്‍ നിന്ന് നേരത്തേ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.

ഇപ്പോഴിതാ 200 കോടിക്ക് അരികില്‍ എത്തിയിരിക്കുകയാണ് ആ തുക. 188 കോടിയാണ് അഡ്വാന്‍സ് റിസര്‍വേഷനിലൂടെ മാത്രം ലിയോ സമാഹരിച്ചതെന്ന് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്ക് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

നാല് ദിവസം നീളുന്ന ആദ്യ വാരാന്ത്യത്തിലേക്ക് ആഗോള തലത്തില്‍ ലഭിച്ച പ്രീ ബുക്കിംഗ് കണക്ക് പ്രകാരമാണിത്. അഡ്വാന്‍സ് റിസര്‍വേഷനിലൂടെ മാത്രം കേരളത്തില്‍ ഏത് ഭാഷാ ചിത്രങ്ങളിലും റെക്കോര്‍ഡ് ഓപണിംഗ് നേടിയിരുന്നു ലിയോ.

‘കെജിഎഫ് 2’നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. സ്‌ക്രീന്‍ കൗണ്ടിലും കേരളത്തില്‍ ചിത്രം റെക്കോര്‍ഡ് ഇട്ടിട്ടുണ്ട്. മുമ്പ് ഒരു ചിത്രത്തിനും ഉണ്ടാവാത്ത തരത്തില്‍, 655 സ്‌ക്രീനുകളിലായാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്.