ഏറ്റുമുട്ടാന്‍ ഒരുങ്ങി വാരിസും തുനിവും; പ്രതികരിച്ച് വിജയ്

വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്-അജിത്ത് ചിത്രങ്ങള്‍ ക്ലാഷ് റിലീസിന് ഒരുങ്ങുകയാണ്. വിജയ്‌യുടെ ‘വാരിസ്’, അജിത്തിന്റെ ‘തുനിവ്’ എന്നീ ചിത്രങ്ങളാണ് ഇപ്പോള്‍ ക്ലാഷ് റിലീസിന് ഒരുങ്ങുന്നത്. ജനുവരി 11ന് തുനിവ് തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍, ജനുവരി 12ന് ആണ് വാരിസ് റിലീസിന് ഒരുങ്ങുന്നത്.

വാരിസും തുനിവും ഒന്നിച്ച് എത്തുന്നതിനെ കുറിച്ചുള്ള വിജയ്‌യുടെ അഭിപ്രായമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നടന്‍ ഷാം നല്‍കിയ അഭിമുഖത്തിലാണ് വിജയ് സംസാരിച്ചതിനെ കുറിച്ച് പറഞ്ഞത്. വളരെ ശാന്തനായിരുന്നു അദ്ദേഹം, തന്റെ സുഹൃത്തിന്റെ സിനിമ തന്റെ സിനിമയ്ക്കൊപ്പം റിലീസ് ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു നടന്റെ പ്രതികരണം.

വാരിസിനൊപ്പം തുനിവും ബോക്സോഫീസില്‍ വിജയിക്കട്ടെ എന്ന് വിജയ് ആശംസിച്ചതായും ഷാം പറഞ്ഞു. മറ്റ് അഭിനേതാക്കളുടെ സിനിമകളോടുള്ള വിജയ്യുടെ നല്ല മനസിനെ അഭിനന്ദിച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ താരത്തിന് കൈയ്യടിക്കുകയാണ്.

എന്നാല്‍ തിയേറ്റര്‍ ക്ലാഷിന് മുമ്പ് തന്നെ ഇരുതാരങ്ങളുടെയും സിനിമകള്‍ തമ്മില്‍ മത്സരം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രീ ബിസിനസില്‍ വാരിസിനെ കടത്തി വെട്ടിയിരിക്കുകയാണ് തുനിവ്. തുനിവിന് 285 കോടിയുടെയും വാരിസിന് 195 കോടിയുമാണ് പ്രീ റിലീസ് ബിസിനസ് ആയി ലഭിച്ചത് എന്നാണ് സോണി പിക്ചേഴ്സ് അറിയിച്ചത്.

അതേസമയം, നീണ്ട ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്-അജിത്ത് ചിത്രങ്ങള് ക്ലാഷ് റിലീസിന് ഒരുങ്ങുന്നത്. ‘ജില്ല’, ‘വീരം’ എന്നീ സിനിമകളാണ് ക്ലാഷ് റിലീസ് ആയി തിയേറ്ററില്‍ എത്തിയത്. 2014ല്‍ ജനുവരി 10ന് ആണ് രണ്ട് സിനിമകളും തിയേറ്ററുകളില്‍ എത്തിയത്.