വളര്‍ത്തുമൃഗങ്ങള്‍ക്കും ഇനി ബസില്‍ യാത്രചെയ്യാം; പരിഷ്‌കാരവുമായി കര്‍ണാടക ആര്‍.ടി.സി.

വളര്‍ത്തുമൃഗങ്ങളെ ബസില്‍ കൊണ്ടുപോകരുതെന്ന നിബന്ധന കര്‍ണാടക ആര്‍.ടി.സി. അധികൃതര്‍ എടുത്തുകളഞ്ഞു. ടിക്കറ്റെടുത്താല്‍ വളര്‍ത്തുമൃഗങ്ങളെയും ഇനി കയറ്റാം. നായയ്ക്ക് മുതിര്‍ന്നയാളുടെ ടിക്കറ്റ് നിരക്കാണ് നല്‍കേണ്ടത്. എന്നാല്‍ പക്ഷികള്‍, പൂച്ച, മുയല്‍ തുടങ്ങിയവയ്ക്ക് കുട്ടികളുടെ നിരക്ക് നല്‍കിയാല്‍ മതി.

കര്‍ണാടക ആര്‍.ടി.സി. കഴിഞ്ഞദിവസം പുറത്തിറക്കിയ സര്‍ക്കുലറിലാണ് പുതിയ നിര്‍ദേശങ്ങള്‍. വളര്‍ത്തുമൃഗങ്ങളെ ബസില്‍ കയറ്റാത്തത് ഒട്ടേറെ പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. പക്ഷികളെയുംമറ്റും ബസില്‍ കൊണ്ടുപോകുമ്പോള്‍ എങ്ങനെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കേണ്ടത് എന്ന് വ്യക്തമല്ലാത്തതിനാല്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടാകുന്നതും പതിവാണ്.

മറ്റുയാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കുക, സീറ്റുകള്‍ നശിപ്പിക്കുക തുടങ്ങിയവയ്ക്ക് വളര്‍ത്തുമൃഗങ്ങളുടെ ഉടമ ഉത്തരവാദിയായിരിക്കും. ആവശ്യമെങ്കില്‍ നഷ്ടപരിഹാരം നല്‍കാനും ഉടമ ബാധ്യസ്ഥനായിരിക്കും. വളര്‍ത്തുമൃഗങ്ങളുമായി കയറുന്നവരോട് ജീവനക്കാര്‍ മാന്യമായി പെരുമാറണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.

Read more

മുതിര്‍ന്ന വ്യക്തി ഇനിമുതല്‍ ബസില്‍ കൊണ്ടുപോകുന്ന ലഗേജ് 30 കിലോയില്‍ കൂടിയാല്‍ കൂടുന്ന ഓരോ യൂണിറ്റിനും 10 രൂപ ഈടാക്കും. 20 കിലോ ആണ് ഒരു യൂണിറ്റ്. കുട്ടികള്‍ക്ക് സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുന്ന ലഗേജിന്റെ പരമാവധി ഭാരം 15 കിലോ ആയിരിക്കും. തൂക്കിനോക്കാനുള്ള ഉപകരണമില്ലെങ്കില്‍ കണ്ടക്ടര്‍ക്ക് ടിക്കറ്റ് ഈടാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാം.