കെ.പി.സി.സി. സാമ്പത്തിക പ്രതിസന്ധിയില്‍ : നിത്യച്ചെലവിനു ഗതിയില്ല; ഫണ്ട്‌ സമാഹരിക്കാന്‍ ഹസന്റെ യാത്ര

കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്തതിനു പുറമേ സാമ്പത്തികപ്രതിസന്ധിയും ഞെരുക്കുന്ന സാഹചര്യത്തില്‍, നിത്യച്ചെലവിനായി കെ.പി.സി.സി. ഫണ്ട്‌ സമാഹരണയാത്ര നടത്തുന്നു. ഏപ്രിലില്‍ കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്റെ നേതൃത്വത്തില്‍ കാസര്‍ഗോട്ടുനിന്നു തിരുവനന്തപുരത്തേക്കാണു യാത്ര.

ഇതു സംബന്ധിച്ച നിര്‍ദേശം ഡി.സി.സികള്‍ക്കു ലഭിച്ചു.
ഓരോ ബൂത്ത്‌ കമ്മിറ്റിയും കുറഞ്ഞത്‌ അരലക്ഷം രൂപ സമാഹരിക്കണമെന്നാണു നിര്‍ദേശം. ഇതില്‍ 25,000 രൂപ കെ.പി.സി.സിക്കു നല്‍കണം. ബാക്കി ബൂത്ത്‌ കമ്മിറ്റികള്‍ക്കെടുക്കാം. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കാന്‍ എ.ഐ.സി.സി. നിര്‍ദേശിച്ചിരുന്നു. ഓരോ പാര്‍ലമെന്റ്‌ മണ്ഡലത്തിന്റെയും ചുമതല മുതിര്‍ന്ന നേതാക്കള്‍ക്കു നല്‍കി പ്രചാരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായിരുന്നു നിര്‍ദേശം.

Read more

എന്നാല്‍ പണമില്ലാത്തതിനാല്‍ ഇതു സാധ്യമാകില്ലെന്നു കെ.പി.സി.സി. യോഗത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണു ഫണ്ട്‌ സമാഹരണത്തിനു യാത്ര നടത്താന്‍ തീരുമാനിച്ചത്‌. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ നേതൃത്വത്തില്‍ പടയൊരുക്കം യാത്ര നടത്തിയെങ്കിലും അതിന്റെ പേരില്‍ ഫണ്ട്‌ സമാഹരിച്ചിരുന്നില്ല. വി.എം. സുധീരന്‍ കെ.പി.സി.സി. അധ്യക്ഷനായതോടെയാണു കെ.പി.സി.സിയിലേക്കു ഫണ്ട്‌ വരവ്‌ നിലച്ചത്‌.
സുധീരനെ എതിര്‍ക്കുന്ന ഗ്രൂപ്പ്‌ മാനേജര്‍മാര്‍ സാമ്പത്തികസ്രോതസുകള്‍ അടച്ചതോടെ ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളവും മുടങ്ങി. പാര്‍ട്ടിയുടെ സാമ്പത്തികസ്‌ഥിതി പരുങ്ങലിലാണെന്നു മനസിലാക്കിയ കോണ്‍ഗ്രസ്‌ അനുഭാവിയും മലപ്പുറം സ്വദേശിയുമായ വ്യവസായി ഫണ്ട്‌ നല്‍കാന്‍ തയാറായി.
എന്നാല്‍, ഇതു കൈപ്പറ്റാന്‍ സുധീരന്‍ തയാറായില്ല. തുടര്‍ന്ന്‌ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം അധ്യക്ഷസ്‌ഥാനം ഒഴിഞ്ഞു. കെ.പി.സി.സിക്കായി ഫണ്ട്‌ ശേഖരണം നടത്തിയിരുന്ന പ്രമുഖനേതാക്കളെല്ലാം സുധീരന്‍ അധ്യക്ഷനായതോടെ പിന്‍വലിഞ്ഞിരുന്നു.
പാര്‍ട്ടി ഫണ്ട്‌ ചോദിച്ചുവാങ്ങാന്‍ സുധീരനും വിമുഖത കാട്ടി. ഇതിനിടെ ഉള്ള ഫണ്ടില്‍നിന്നു 10 ലക്ഷം രൂപ പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിനു സഹായധനമായി നല്‍കി. ഇന്ദിരാഭവനിലെ വൈദ്യുതി ചാര്‍ജ്‌ അടയ്‌ക്കാന്‍വരെ ബുദ്ധിമുട്ടുമ്പോളായിരുന്നു ഇത്‌. പാര്‍ട്ടി ഖജനാവ്‌ കാലിയായതു ദൈനംദിനപ്രവര്‍ത്തനങ്ങളെ ബാധിച്ചു. ഹസന്‍ പ്രസിഡന്റായശേഷവും ഫണ്ട്‌ വരവില്‍ നേട്ടമുണ്ടായില്ല.