15 വര്‍ഷത്തെ പ്രണയസാഫല്യം; കീര്‍ത്തി സുരേഷ് വിവാഹിതയായി

15 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കീര്‍ത്തി സുരേഷ് വിവാഹിതയായി. ഗോവയില്‍ നടന്ന ചടങ്ങില്‍ ആന്റണി തട്ടില്‍ കീര്‍ത്തിക്ക് താലി ചാര്‍ത്തി. വിവാഹ ചിത്രങ്ങള്‍ കീര്‍ത്തി സുരേഷ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. വിവാഹ റിസപ്ഷന് സൂപ്പര്‍താരം വിജയ് ഉള്‍പ്പടെയുള്ളവര്‍ അതിഥികളായി എത്തുമെന്ന് റിപ്പോര്‍ട്ട്.

എന്‍ജിനീയറായ ആന്റണി ഇപ്പോള്‍ ബിസിനസുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസിന്റെ ഉടമ കൂടിയാണ്. വിവാഹത്തിനു മുന്നോടിയായി തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കീര്‍ത്തി ദര്‍ശനത്തിന് എത്തിയിരുന്നു.

Image

അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്രതാരം മേനകാ സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീര്‍ത്തി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന് ഒപ്പമായിരുന്നു കീര്‍ത്തിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

Image

തെലുങ്കില്‍ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും കീര്‍ത്തി സ്വന്തമാക്കി. ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം. വിജയ് ചിത്രം ‘തെരി’യുടെ റീമേക്കാണ് ബേബി ജോണ്‍.