അനധികൃതമായി പെന്‍ഷന്‍ വാങ്ങിയവരും നല്‍കിയവരും കുടുങ്ങും; 18 ശതമാനം പിഴ പലിശ ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

സംസ്ഥാനത്ത് അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയവര്‍ക്കെതിരെ കടുത്ത നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. അനര്‍ഹമായി പെന്‍ഷന്‍ നേടിയവരില്‍ നിന്ന് 18 ശതമാനം പലിശ ഈടാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ഇതോടകം ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഇതുസംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലര്‍ വകുപ്പ് മേധാവികള്‍ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയും സ്വീകരിക്കും. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് സര്‍ക്കുലര്‍. കൈപ്പറ്റിയ പെന്‍ഷന്‍ തുക തിരിച്ചുപിടിക്കുന്നതിനൊപ്പമാണ് പിഴ പലിശയും ഈടാക്കുക.

ആഢംബര വാഹനങ്ങളും ഉന്നത സര്‍ക്കാര്‍ പദവിയില്‍ ജോലി നോക്കിയവരും ഉള്‍പ്പെടെ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1458 പേരാണ് സംസ്ഥാനത്ത് അനധികൃത പെന്‍ഷന്‍ വാങ്ങുന്നത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ വിശദമായ പരിശോധന നടത്തി പണം പലിശയടക്കം തിരിച്ചുപിടിക്കാന്‍ തീരുമാനിച്ചത്.