അസോസിയേറ്റ് പ്രൊഫസര്‍ നിയമനം: 'പ്രിയ വര്‍ഗീസിന് പ്രാഥമിക യോഗ്യതയില്ല' ഗവര്‍ണര്‍ക്കും വി.സിക്കും പരാതി നല്‍കി

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ പ്രാഥമിക യോഗ്യതയില്ലെന്ന് വിവരാവകാശ രേഖ. പ്രിയ വര്‍ഗീസിന് വേണ്ട യോഗ്യതകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി സമിതി ഗവര്‍ണര്‍ക്കും വൈസ് ചാന്‍സലര്‍ക്കും പരാതി നല്‍കി. സെനറ്റ് അംഗമായ ആര്‍ കെ ബിജുവിന് ലഭിച്ച വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് പരാതി കൊടുത്തിരിക്കുന്നത്. റാങ്ക് പട്ടികയില്‍ നിന്നു പ്രിയയെ നീക്കണമെന്നാണ് സമിതിയുടെ ആവശ്യം.

പ്രിയയ്ക്ക് പിഎച്ഡി എടുത്ത ശേഷം ആകെ ഒരു മാസത്തെ പ്രവൃത്തിപരിചയം മാത്രാണ് ഉള്ളതെന്നാണ് സേവ് യൂണിവേഴ്‌സിറ്റിയുടെ ആരോപണം. 2019 ലാണ് പിഎച്ച്ഡി എടുത്തത്. രണ്ട് വര്‍ഷം സ്റ്റ്യൂഡന്റ്‌സ് സര്‍വീസസ് ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമിക്കപ്പെട്ടു. 2021 ജൂണില്‍ തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ അധ്യാപക തസ്തികയില്‍ വീണ്ടും പ്രവേശിച്ചു. 2021 ജൂലൈയില്‍ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായി നിയമിക്കപ്പെട്ടു എന്നിങ്ങനെയാണ് വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നത്.

ഏതെങ്കിലും തസ്തികയ്ക്ക് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള പ്രവൃത്തി പരിചയമാണ് നിയമനങ്ങള്‍ക്ക് പരിഗണിക്കേണ്ടതെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് 2014 ല്‍ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് ഉത്തരവിറക്കിയത് സുപ്രീംകോടതി ശരി വെച്ചതാണെന്ന് സമിതി വ്യക്തമാക്കി. യുജിസി ചട്ട പ്രകാരം തസ്തികയിലേയ്ക്ക് യോഗ്യതയായി ഗവേഷണ ബിരുദവും എട്ടുവര്‍ഷത്തെ അധ്യാപന പരിചയവും എട്ടില്‍ കുറയാത്ത ഗവേഷണ പ്രബന്ധങ്ങളും വേണം. യോഗ്യത ഉള്ള മറ്റ് പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളെ പിന്തള്ളിയാണ് പ്രിയക്ക് ഒന്നാം റാങ്ക് നല്‍കിയതെന്നാണ് ആരോപണം.

അതേസമയം അപേക്ഷയ്‌ക്കൊപ്പം പ്രിയ സമര്‍പ്പിച്ച സാക്ഷ്യപത്രത്തില്‍ 2012 മാര്‍ച്ച് മുതല്‍ 2021 വരെ 9 വര്‍ഷം കേരള വര്‍മ്മ കോളജില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. 8 വര്‍ഷത്തെ പ്രവൃത്തി പരിചയം പിഎച്ച്ഡിക്ക് ശേഷം തന്നെ ആകണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ലെന്നും പ്രിയ വ്യക്തമാക്കിയരുന്നു.