15 ലക്ഷം രൂപ കെട്ടിവെയ്ക്കണം അല്ലെങ്കിൽ തത്തുല്യമായ ജാമ്യം വേണം; സ്റ്റേ ഉത്തരവില്‍ ഉപാധിയുമായി കോടതി

സോളാർ മാനനഷ്ടക്കേസിൽ വി.എസ് അച്യുതാനന്ദനെതിരായ സ്റ്റേ ഉത്തരവില്‍ ഉപാധിയുമായി കോടതി. 15 ലക്ഷം രൂപ കെട്ടിവയ്ക്കണം അല്ലെങ്കിൽ തത്തുല്യമായ ജാമ്യം വേണമെന്നും കോടതി നിർദേശിച്ചു.

സോളാര്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ വി.എസ് പത്ത് ലക്ഷത്തിപതിനായിരം രൂപ ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്ന സബ് കോടതിയുടെ വിധി തിരുവനന്തപുരം ജില്ലാക്കോടതിയാണ് സ്റ്റേ ചെയ്തത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.വി.ബാലകൃഷ്ണന്റേതാണ് സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ്. വിവാദമായ സോളാർ കേസുമായി ബന്ധപ്പെട്ട് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് നടത്തിയ ഒരു പരാമർശത്തിനെതിരെ ഉമ്മൻചാണ്ടി നൽകിയ കേസിലായിരുന്നു അന്ന് സബ് കോടതി വിധി പറഞ്ഞത്.

Read more

10,10,000 രൂപ വിഎസ് ഉമ്മൻചാണ്ടിക്ക് മാനനഷ്ടത്തിനുള്ള നഷ്ടപരിഹാരമായി നൽകണമെന്ന് കേസ് പരിഗണിച്ച തിരുവനന്തപുരം സബ് ജഡ്ജി ഷിബു ഡാനിയേൽ ഉത്തരവിട്ടിരുന്നു. 2013 ജൂലൈ ആറിന് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശം. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനി രൂപീകരിച്ച് തട്ടിപ്പ് നടത്തിയെന്ന വി.എസിന്റെ പരാമർശമാണ് കേസിനാസ്പദമായത്. ഉമ്മൻചാണ്ടി അഴിമതി നടത്തിയെന്നും ആരോപണമുണ്ടായി. ഇതിനെതിരെ ഉമ്മൻചാണ്ടി കേസിനു പോയി. 2019 സെപ്റ്റംബർ 24ന് കോടതിയിൽ നേരിട്ടെത്തി മൊഴിനൽകിയിരുന്നു.