കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിനെതിരെ രൂക്ഷവിമര്‍ശനവുമായി സിഐടിയു നേതാവ്. ഏത് സുരക്ഷയ്ക്കുള്ളില്‍ ഇരുന്നാലും വേണ്ടിവന്നാല്‍ ചെയര്‍മാന്റെ വീട്ടില്‍ കയറി മറുപടി പറയാന്‍ അറിയാമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി കെ മധു പറഞ്ഞു. തിരുത്താന്‍ ജനങ്ങള്‍ ഇറങ്ങിയാല്‍ അശോകിന് കേരളത്തില്‍ ജീവിക്കാന്‍ പറ്റില്ല. നാട്ടിലിറങ്ങിയാല്‍ അശോകും സാധാരണക്കാരന്‍ തന്നെയാണെന്ന് മധു പറഞ്ഞു.
ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗോശാലയില്‍ ചെയര്‍മാന്‍ ആയി ഇരിക്കേണ്ടയാളാണ് ബി അശോകെന്നും, നല്ല കാളകള്‍ക്ക് നല്ല ഡിമാനന്റാണെന്നും മധു പരിഹസിച്ചു. അശോകിന്റെ നടപടികള്‍ക്ക് അധിക നാളത്തെ ആയുസ്സില്ല. ജനാധിപത്യപരമായി സമരം ചെയ്യുന്ന ട്രേഡ് യൂണിയന്‍ നേതാക്കളെയും വനിതകളേയും പരിഹസിച്ചാല്‍ അതിനുള്ള മറുപടി പറയാന്‍ തങ്ങള്‍ക്ക് അറിയാമെന്നും മധു മുന്നറിയിപ്പ് നല്‍കി.
അതേസമയം കെഎസ്ഇബി ചെയര്‍മാനെതിരെ നടത്തിവരുന്ന സമരം ശക്തമാക്കുമെന്ന് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ചെയര്‍മാന്റെ പ്രതികാര നടപടികള്‍ പിന്‍വലിക്കാതെ സമരം നിര്‍ത്തില്ല. 19ന് വൈദ്യുതി ഭവന്‍ ഉപരോധിക്കും. മന്ത്രിതല ചര്‍ച്ചയ്ക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നും അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ആര്‍. ബാബു പറഞ്ഞു.
Read more
കേന്ദ്രത്തിന് വേണ്ടി കെഎസ്ഇബിയെ തകര്‍ക്കാനാണ് ചെയര്‍മാന്‍ ശ്രമിക്കുന്നത്. ചെയര്‍മാന്റെ രാഷ്ട്രീയം വ്യക്തമായി. സമരം നടത്തിയതിന്റെ പേരില്‍ അസോസിയേഷന്‍ നേതാക്കള്‍ക്ക് എതിരെയുള്ള സസ്പെന്‍ഷന്‍ പിന്‍വലിച്ചു. എന്നാല്‍ അവരെ സ്ഥലംമാറ്റിയിരിക്കുകയാണ്. ഈ നടപടി പിന്‍വലിക്കുന്നത് വരെ സമരം ശക്തമായി തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.