'മോളിങ്ങ് വാ.. എന്തുപ്രശ്‌നവും പരിഹരിക്കാന്‍ ഞാനില്ലേ..'; പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി പൊലീസ്

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പാറമുകളില്‍ കയറി ആത്മഹത്യ ചെയ്യാനൊരുങ്ങിയ പെണ്‍കുട്ടിയെ രക്ഷിച്ച് പൊലീസ്. അടിമാലിയിലാണ് സംഭവം. കാമുകന്‍ പ്രണയത്തില്‍ നിന്ന് പിന്മാറിയ മനോവിഷമത്തില്‍ തലമാലി സ്വദേശിനിയായ ഇരുപത്താറുകാരിയാണ് പാറക്കെട്ടില്‍ കയറി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.

ഇന്നലെ പുലര്‍ച്ചെയാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയത്. അടിമാലി പഞ്ചായത്തിലെ കുതിരയിളകുടി മലമുകളില്‍ അപകടകരമായ സാഹചര്യത്തില്‍ പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മഴയായതിനാല്‍ പാറക്കെട്ടില്‍ വഴുക്കലുണ്ടായിരുന്നു.

വിവരം അറിഞ്ഞ് അടിമാലി എസ് ഐ കെ എം സന്തോഷ്‌കുമാറും സംഘവും സ്ഥലത്തെത്തി.പെണ്‍കുട്ടിയോട് താഴേക്കിറങ്ങാന്‍ പറഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്യാനാണ് മലമുകളില്‍ കയറിയതെന്ന് പെണ്‍കുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് ‘മോളിങ്ങ് വാ.. എന്തുപ്രശ്‌നവും പരിഹരിക്കാന്‍ ഞാനില്ലേ..’എന്ന് പറഞ്ഞ എസ് ഐ ഒരു മണിക്കൂര്‍ നേരം പെണ്‍കുട്ടിയോട് സംസാരിച്ചു.

Read more

എന്ത് പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാമെന്ന പൊലീസിന്റെ ഉറപ്പിനെ തുടര്‍ന്ന് പെണ്‍കുട്ടി താഴേക്ക് ഇറങ്ങിവന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് പെണ്കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. കാമുകനായ യുവാവിനോടും ബന്ധുക്കളോടും അടുത്ത ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.