എമ്പുരാനെ സിനിമയായി കാണണം; സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത് സിനിമയെ ആശ്രയിച്ചല്ലെന്ന് എംടി രമേശ്

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എമ്പുരാന്‍ സിനിമയുടെ റിലീസിന് പിന്നാലെ ചിത്രത്തിന്റെ രാഷ്ട്രീയം വലിയ രീതിയില്‍ ചര്‍ച്ചയാകുന്നുണ്ട്. സംഘപരിവാര്‍ രാഷ്ട്രീയത്തെ ചിത്രം വലിയ രീതിയില്‍ വിമര്‍ശിക്കുന്നുണ്ടെന്നാണ് ആദ്യ ദിനം സിനിമ കണ്ടിറങ്ങിയവരുടെ അഭിപ്രായം.

ഇതിന് പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന ബിജെപി നേതാവ് എംടി രമേശ് രംഗത്തെത്തിയിട്ടുണ്ട്. സിനിമയില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്നുവെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എം.ടി രമേശിന്റെ പ്രതികരണം. സിനിമയെ സിനിമയായി കാണണമെന്നാണ് എംടി രമേശിന്റെ പ്രതികരണം.

സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ശക്തമായ കാമ്പയിന്‍ നടത്തുന്നുണ്ട്. ഇതിനെതിരെയാണ് എംടി രമേശിന്റെ നിലപാട്. സിനിമയെ സിനിമയായി കാണണം. അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. സംഘപരിവാറിനെതിരെ എത്രയോ സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ എംടി രമേശ് സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ചോദിച്ചു.