'ഇ.ഡിയുടെ വിരട്ടലില്‍ പേടിയില്ല'; കോടതി ഉത്തരവിനെ കുറിച്ച് തോമസ് ഐസക്

കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസില്‍ ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മുന്‍ധനമന്ത്രി തോമസ് ഐസക്. രണ്ട് വര്‍ഷമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുകയാണ്, എന്നിട്ടും ഒന്നും കണ്ടെത്താനായിട്ടില്ല. കോടതി വിധി സ്വാഗതാര്‍ഹമാണ്. കോടതിയോട് ആവശ്യപ്പെട്ടത് ഇത് തന്നെയാണെന്നും തോമസ് ഐസക് പറഞ്ഞു.

‘ഇഡി നോട്ടീസ് അയച്ച വിവരം മാധ്യമങ്ങള്‍ വഴി അറിയേണ്ടി വന്നത് ശരിയായില്ല. ഹാജരാകാന്‍ സാധിക്കില്ലെന്ന് പറഞ്ഞിട്ടില്ല. പറഞ്ഞ സമയത്ത് ഹാജരാകാന്‍ സാധിക്കില്ലെന്നാണ് അറിയിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും സമന്‍സ് അയച്ചപ്പോഴാണ് കോടതിയെ സമീപിച്ചത്.

തെറ്റ് ആര് ചെയ്താലും അന്വേഷിക്കാം പക്ഷെ അന്വേഷണത്തിന്റെ പേരില്‍ എന്തും ചെയ്യാനുള്ള അവകാശമില്ല. ഇഡി അന്വേഷണം സ്വകാര്യതയും മൗലികാവകാശങ്ങളും ലംഘിക്കുന്നതാണ്. ഇതാണ് കോടതി നിരീക്ഷിച്ചത്. കോടതി നിലപാടിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു. എന്തും ചെയ്യാന്‍ അപരിമിതമായ അധികാരം ഒരു അന്വേഷണ ഏജന്‍സിക്കും ഇന്ത്യന്‍ ഭരണഘടന നല്‍കുന്നില്ല’, തോമസ് ഐസക് പറഞ്ഞു.

Read more

ഇഡിയുടെ വിരട്ടലില്‍ പേടിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണത്തില്‍ പേടിയില്ല. അന്വേഷണത്തിന് പിന്നില്‍ ചില രാഷ്ട്രീയ ഇടപെടലുകളാണെന്നും ഇഡി അന്വേഷണം കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും തോമസ് ഐസക് ആരോപിച്ചു.