'തന്തയില്ലാത്ത കുഞ്ഞിനെ ഉണ്ടാക്കി തരുമെന്ന് ബലാത്സംഗ ഭീഷണി, ജാതി അധിക്ഷേപം'; എസ്.എഫ്.ഐ നേതാക്കള്‍ക്ക് എതിരെ പരാതി

എം.ജി.സര്‍വകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണവുമായി എ.ഐ.എസ്.എഫ് വനിതാ നേതാവിന്റെ പരാതി. കോട്ടയം ജില്ലാ പൊലീസ് സുപ്രണ്ടിനാണ് പരാതി നൽകിയത്. തനിക്കു നേരെ എസ്എഫ്‌ഐ നേതാക്കള്‍ ബലാത്സംഗ ഭീഷണി മുഴക്കിയെന്നും കയറി പിടിച്ചെന്നും ജാതിപേര് വിളിച്ചെന്നും യുവതി പരാതിയില്‍ ആരോപിച്ചു. യാതൊരു പ്രകോപനവും കൂടാതെയാണ് എസ്എഫ്‌ഐ നേതാക്കള്‍ സഹപ്രവര്‍ത്തകനെ മര്‍ദ്ദിക്കുകയും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. സഹപ്രവര്‍ത്തകനായ എഎ സഹദിനെ മര്‍ദ്ദിക്കുന്നത് പ്രതിരോധിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

എം.ജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിനിടെ എ.ഐ.എസ്.എഫ് പ്രവർത്തകരെ എസ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ പാനലിനെതിരെ എ.ഐ.എസ്.എഫ് പാനൽ മത്സരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു. എഐഎസ്എഫ് പ്രവര്‍ത്തകനെ എസ.എഫ്.ഐ പ്രവർത്തകർ ഒറ്റയ്ക്ക് വളഞ്ഞിട്ടാക്രമിച്ച നടപടിയില്‍ പ്രകോപിതയായി വനിതാ നേതാവ് പൊലീസിന് മുന്നില്‍ പൊട്ടിത്തെറിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരിച്ചിരുന്നു.

എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് ആര്‍ഷോ, ജില്ലാ സെക്രട്ടറി അമല്‍, പ്രജിത്ത് കെ.ബാബു, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം കെ.എം.അരുണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു.

പരാതിയിലെ പ്രസക്ത ഭാഗങ്ങള്‍:

Read more

‘പോളിംഗ് അവസാനിച്ച് മടങ്ങിപോകാന്‍ തയ്യാറെടുക്കുന്ന ഞങ്ങളെ യാതൊരു പ്രകോപനവും കൂടാതെ തന്നെ സംഘം ചേര്‍ന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സഹപ്രവര്‍ത്തകനായ എഎ സഹദിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നിസ്സഹായനായ് മര്‍ദനമേല്‍ക്കുന്ന സഹദിനെ തല്ലരുതെന്ന് കരഞ്ഞപേക്ഷിച്ച് കൊണ്ട് ഓടിച്ചെന്ന എന്നെ അസഭ്യം പറയുകയും കൊല്ലുമെന്നും എസ്എഫ്‌ഐക്കെതിരെ നിന്നാല്‍ നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കി തരും എന്നും അലറി ഭീഷണിപ്പെടുത്തുകയും മാറെടി പെലച്ചി എന്ന് ആക്രോശിച്ചുകൊണ്ട് ഇടതുമാറിലും വസ്ത്രങ്ങളിലും കയറി പിടിക്കുകയും ചെയ്തു. ഞാന്‍ ബലം പ്രയോഗിച്ച് മുന്നോട്ട് കുതിച്ചാണ് എന്റെ ശരീരത്തില്‍ നിന്നുമുള്ള പിടിത്തം വിടുവിച്ചത്. ഈ സംഭവം എന്നെ അത്യന്തം വിഷമിപ്പിക്കുകയാണ്. ഒരു വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ഒരേ സമയം എന്റെ സ്ത്രീത്വത്തേയും ജാതിപേര് വിളിക്കുന്നതിലൂടെ എന്റെ വ്യക്തിത്വത്തേയും പരോക്ഷമായ് അധിക്ഷേപിക്കുകയാണ് അവര്‍ ചെയ്തത്. ശാരീരിക മർദ്ദനവും മാനസിക സമ്മർദ്ദവും ഒരേ സമയം ഞാൻ അനുവാവിക്കേണ്ടി വന്നു’