സംസ്ഥാനത്ത് 557 പുതിയ ഗുണ്ടകള്‍, കൂടുതൽ പത്തനംതിട്ടയിൽ

സംസ്ഥാനത്തെ ഗുണ്ട പട്ടിക പുതുക്കി. 557 പേരെ കൂടി പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തി. നിരന്തരം ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പട്ടിക പുതുക്കിയത്. നിലവിലെ പട്ടിക പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ ഉള്ളത് തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ്. പട്ടികയിലുള്ളവര്‍ക്കെതിരെ കാപ്പ ചുമത്തുന്നതടക്കം ഉള്ള നടപടികള്‍ സ്വീകരിക്കും.

പുതുക്കിയ പട്ടിക പ്രകാരം ആകെ 2,769 ഗുണ്ടകളാണ് സംസ്ഥാനത്തുള്ളത്. 47 പേരെ നാടു കടത്താനുള്ള നടപടി ആരംഭിച്ചു. 46 പേര്‍ക്കെതിരെ കരുതല്‍ അറസ്റ്റ് സ്വീകരിച്ചതായും പൊലീസ് വ്യക്തമാക്കി. പുതിയ ഗുണ്ടകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് പത്തനംതിട്ട ജില്ലയിലാണ്. 171 പേര്‍. തൊട്ടു പിന്നിലാണ് തിരുവനന്തപുരം. 107 ഗുണ്ടകള്‍. എറണാകുളം സിറ്റിയില്‍ പുതുതായി ഒരു ഗുണ്ട പോലുമില്ല. നിലവില്‍ എറണാകുളം സിറ്റിയില്‍ ഒരു ഗുണ്ട മാത്രമാണുള്ളത്.

ആലപ്പുഴ 20, കോട്ടയം 30, ഇടുക്കി 8, കൊച്ചി റൂറല്‍ 41, തൃശൂര്‍ 41, പാലക്കാട് 21, മലപ്പുറം 15, കോഴിക്കോട് 28, വയനാട് 20, കണ്ണൂര്‍ 11, കാസര്‍ഗോഡ് 2 എന്നിങ്ങനെയാണ് പുതുതായി പട്ടികയില്‍ ചേര്‍ത്തവരുടെ എണ്ണം.

സംസ്ഥാനത്തെ ഗുണ്ട വിരുദ്ധ പദ്ധതികളുടെ ഭാഗമായിട്ടാണ് നടപടി എടുക്കുന്നത്. കൊലക്കേസ്, കൊലപാതക ശ്രമം, അടിപിടി, പിടിച്ചുപറി, ക്വട്ടേഷന്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍, മണല്‍മണ്ണ് മാഫിയ, ലഹരിക്കടത്ത് എന്നിവ ഉള്‍പ്പടെ നിരവധി കേസുകളില്‍ പെട്ടവരാണ് പട്ടികയിലുള്ളത്.

ഗുണ്ടാപ്രവര്‍ത്തനങ്ങളും മയക്കുമരുന്ന് കടത്തും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു.