അംഗനവാടി ടീച്ചറുടെ അക്കൗണ്ടിൽ 80 ലക്ഷം; എ.ആർ നഗർ തട്ടിപ്പിലെ കൂടുതൽ തിരിമറികൾ പുറത്ത്

മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്ക് തട്ടിപ്പിലെ കൂടുതൽ തിരിമറികൾ പുറത്ത്. ഇടപാടുകാര്‍ അറിയാതെ അവരുടെ അക്കൗണ്ടുകള്‍ വഴി ലക്ഷങ്ങളുടെ പണമിടപാട് ബാങ്ക് അധികൃത‍ർ നടത്തി എന്നാണ് പുറത്തുവരുന്ന വിവരം.

കണ്ണമംഗലം സ്വദേശിയായ അംഗനവാടി ടീച്ചറുടെ അക്കൗണ്ട് വഴി മാറിയത് എൺപത് ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ട്. ആദായനികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയപ്പോൾ മാത്രമാണ് ഇങ്ങനെയൊരു തട്ടിപ്പിനെ കുറിച്ച് ടീച്ച‍ർ അറിഞ്ഞത് തന്നെ. തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുട‍ർന്ന് ടീച്ചര്‍ ബാങ്ക് മുന്‍ സെക്രട്ടറിയും ഡയറക്ടർ ബോർഡ് അം​ഗവുമായ വി.കെ ഹരികുമാറിനെതിരെ തിരൂരങ്ങാടി പൊലീസിന് പരാതി നല്‍കി.

Read more

കള്ളപ്പണം വെളുപ്പിക്കാനാണ് ഹരികുമാര്‍ ശ്രമിച്ചതെന്ന് ടീച്ചർ പരാതിപ്പെട്ടു. ഹരികുമാറില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി പറയുന്നു. മറ്റ് പല അക്കൗണ്ടുകളിലും സമാന തിരിമറികൾ നടത്തിയിട്ടുണ്ടെന്നാണ് സംശയം. ഇടപാടുകളെക്കുറിച്ച് സഹകരണ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.