സിനിമ മേഖലയിലെ വെളിപ്പെടുത്തലുകള്‍ സൃഷ്ടിക്കുന്നത് ചരിത്ര മുഹൂര്‍ത്തം; പിഎസ്‌സി പോലെ സുരക്ഷിതമാകണം എല്ലാ ഇടങ്ങളുമെന്ന് കെജെ ജേക്കബ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയില്‍ തുടരുന്ന വെളിപ്പെടുത്തലുകള്‍ സംസ്ഥാനത്തിന്റെ ചരിത്ര മുഹൂര്‍ത്തമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെജെ ജേക്കബ്. പണ്ട് കേള്‍ക്കാന്‍ ആളില്ലാതിരുന്ന പരാതികള്‍ ഇന്ന് ഇരകളുടെ വീട്ടില്‍ പോയി പൊലീസ് അന്വേഷിച്ചറിയുന്നുവെന്നും കെജെ ജേക്കബ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

തൊഴിലന്വേഷണത്തില്‍ പിഎസ്‌സി എത്ര സുരക്ഷിതമാണോ അത്ര തന്നെ സുരക്ഷിതമാവണം എല്ലാ ഇടങ്ങളും. അതിപ്പോള്‍ അഭിനയമാണെങ്കില്‍ അങ്ങിനെ, കഥയെഴുത്താണെങ്കില്‍ അങ്ങനെ. നിര്‍ഭാഗ്യവശാല്‍ അങ്ങനെയായിരുന്നില്ല നമ്മുടെ നാട്ടില്‍ ഇതുവരെ. ഇപ്പറഞ്ഞ ക്രിമിനലുകള്‍ നമ്മുടെ നാട്ടിലെ പല സംവിധാനങ്ങളുമുപയോഗിച്ചു സ്ത്രീകളെയും പെണ്‍കുട്ടികളെയും വേട്ടയാടുകയായിരുന്നുവെന്നും കെജെ ജേക്കബ് പോസ്റ്റില്‍ കുറിച്ചു.

മുകേഷ് എംഎല്‍എയെ ആരോപണങ്ങളില്‍ നിന്ന് സിപിഎം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനെയും പോസ്റ്റില്‍ കെജെ ജേക്കബ് വിമര്‍ശിക്കുന്നുണ്ട്. ഈ ചരിത്ര മുഹൂര്‍ത്തം സൃഷ്ടിച്ച രാഷ്രീയ പ്രസ്ഥാനം, രാഷ്ട്രീയ ചിന്ത, ഈ മുന്നേറ്റത്തിന്റെ വിധാതാക്കള്‍, ഇപ്പോള്‍ പ്രതിരോധത്തിലാണ്.
അതും, ഇയാള്‍ തങ്ങളോട് അനീതി കാണിച്ചു എന്ന് നിരവധി സ്ത്രീകള്‍ നിരന്നുനിന്നു വിരല്‍ചൂണ്ടിയ ഒരാളെ സംരക്ഷിക്കുന്ന ഒറ്റ കാരണത്താല്‍. എത്ര ഖേദകരമാണിതെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;

താന്‍ ആക്രമിക്കപ്പെട്ടു എന്ന് പറഞ്ഞ ഒരു സ്ത്രീയുമായി കഴിഞ്ഞ ദിവസം ഐ പി എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍ പത്തുമണിക്കൂറോളം സംസാരിച്ചു.
അതിനുശേഷം അവര്‍ നാട്ടുകാരോട് പറയുന്നു, ഈ പരാതി താന്‍ പത്തുപന്ത്രണ്ടു കൊല്ലങ്ങള്‍ക്കുമുന്പ് ഉന്നയിച്ചതാണ്, ആരും കേള്‍ക്കാനില്ലായിരുന്നു. ഇന്ന് സര്‍ക്കാരുണ്ട്, പോലീസുണ്ട്. സര്‍ക്കാരിനോട് നന്ദിയുണ്ട് എന്ന്.
അത് ഒരു സ്ത്രീയുടെ അനുഭവമല്ല. പല സ്ത്രീകളുമായി പോലീസ് അങ്ങോട്ട് ബന്ധപ്പെടുന്നു, അവര്‍ക്കു പറയാനുള്ളത് കേള്‍ക്കുന്നു, അതിന്റെ അടിസ്ഥാനത്തില്‍ നിയമപരമായ നടപടികള്‍ തീരുമാനിക്കുന്നു.
എട്ടോ പത്തോ കേസുകള്‍ ഇതിനകം പോലീസ് എടുത്തുകഴിഞ്ഞു. ഒക്കെ തങ്ങള്‍ ഒരിക്കലും പിടിക്കപ്പെടുകയില്ല എന്ന ആത്മവിശ്വാസത്തിലും അഹങ്കാരത്തിലും കഴിഞ്ഞവര്‍ക്കുനേരെ. നീയൊന്നും പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല എന്ന ഹുങ്കില്‍ പെണ്‍കുട്ടികളെ വേട്ടയാടിയ തനി ക്രിമിനലുകള്‍ക്കെതിരെ.
ഓര്‍ക്കണം, നമ്മുടെയൊക്കെ വീട്ടില്‍ പെണ്‍കുഞ്ഞുങ്ങളുണ്ട്. അവരെല്ലാവരും പഠനം കഴിഞ്ഞു പി എസ് സി പരീക്ഷയെഴുതി ജോലിക്കു കയറണമെന്നില്ല. തങ്ങളുടെ കഴിവിനും അഭിരുചിയ്ക്കും യോഗ്യതയ്ക്കുമിണങ്ങിയ തൊഴില്‍ തേടാന്‍ അവര്‍ക്കെല്ലാം അവകാശമുണ്ട്. ചതിയില്‍പ്പെടുത്തി മുറിയിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി ശാരീരികാക്രമണം നടത്തുന്നവരുടെ മുന്‍പില്‍ പോകേണ്ടിവരുന്ന അവസ്ഥ ഒരു പെണ്‍കുട്ടിയ്ക്കും ഉണ്ടാകരുത്.
തൊഴിലന്വേഷണത്തില്‍ പി എസ് സി എത്ര സുരക്ഷിതമാണോ അത്ര തന്നെ സുരക്ഷിതമാവണം എല്ലാ ഇടങ്ങളും. അതിപ്പോള്‍ അഭിനയമാണെങ്കില്‍ അങ്ങിനെ, കഥയെഴുത്താണെങ്കില്‍ അങ്ങിനെ.
നിര്‍ഭാഗ്യവശാല്‍ അങ്ങനെയായിരുന്നില്ല നമ്മുടെ നാട്ടില്‍ ഇതുവരെ. ഇപ്പറഞ്ഞ ക്രിമിനലുകള്‍ നമ്മുടെ നാട്ടിലെ പല സംവിധാനങ്ങളുമുപയോഗിച്ചു സ്ത്രീകളെയും പെണ്‍കുട്ടികളെയും വേട്ടയാടുകയായിരുന്നു.
ഇപ്പോള്‍ പുറത്തുവരുന്നത് ഇന്നും ഇന്നലെയും നടന്ന കാര്യങ്ങളല്ല. ഇക്കാലമത്രയും ഈ ദുരനുഭവങ്ങള്‍ ഉള്ളിലൊതുക്കി അതിന്റെ പീഡകള്‍ ശരീരത്തിലും മനസിലും കൊണ്ടുനടന്ന മനുഷ്യരാണിവര്‍. തങ്ങളെ ഹീനമായി ആക്രമിച്ചര്‍ പരിശുദ്ധന്‍ ചമയുന്നതുകണ്ടു വീണ്ടും പൊള്ളിപ്പിടഞ്ഞു പ്രതികരിക്കാനെത്തിയവരാണ് അവരില്‍ മിക്കവരും.
പണ്ട് പറഞ്ഞാല്‍ കേള്‍ക്കാന്‍ ആരുമില്ലായിരുന്നു. പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ പറഞ്ഞുവിടുമായിരുന്നു; പലപ്പോഴും പരിഹസിച്ചും വിടുമായിരുന്നു.
ആ കാലം മാറിയിരിക്കുന്നു. വലിയ അധികാര ചിഹ്നങ്ങളുള്ള ഉടുപ്പുകളിട്ട സ്ത്രീകളായ പോലീസുകാര്‍ ഇവരുടെ അനുഭവങ്ങള്‍ കേള്‍ക്കാന്‍ അങ്ങോട്ടുപോയിത്തുടങ്ങിയിരിക്കുന്നു. ഒപ്പം തങ്ങള്‍ ആര്‍ക്കും പിടികിട്ടാത്ത ഇടങ്ങളിലാണ് മരുവുന്നതെന്നഹങ്കരിച്ചിരുന്ന ആണ്‍പുലികള്‍ മാളങ്ങളില്‍ ഒളിച്ചിരിക്കുന്നു, ചിലര്‍ വാലിനു തീപിടിച്ചപോലെ ആധിയെടുത്തു പാഞ്ഞുനടക്കുന്നു. ഇനിയും ചിലര്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിവരാന്തയില്‍ കാത്തിരിക്കുന്നു.
ആവര്‍ത്തിക്കുന്നു, കേരളം ഒരു ചരിത്ര മുഹൂര്‍ത്തത്തിലൂടെ കടന്നുപോവുകയാണ്.
അതുപോലൊരു സംവിധാനം എന്ന് തങ്ങളുടെ നാട്ടില്‍ വരും, അവിടത്തെ പെണ്‍വേട്ടക്കാരെ ഇമ്മാതിരി പിന്തുടരും എന്ന് മറുനാടുകളിലുള്ള സ്ത്രീകള്‍, മനുഷ്യര്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു.
കേരളം മുന്‍പേ പോവുകയാണ്.
***
എന്നാല്‍, ഈ ചരിത്ര മുഹൂര്‍ത്തം സൃഷ്ടിച്ച രാഷ്രീയ പ്രസ്ഥാനം, രാഷ്ട്രീയ ചിന്ത, ഈ മുന്നേറ്റത്തിന്റെ വിധാതാക്കള്‍, ഇപ്പോള്‍ പ്രതിരോധത്തിലാണ്.
അതും, ഇയാള്‍ തങ്ങളോട് അനീതി കാണിച്ചു എന്ന് നിരവധി സ്ത്രീകള്‍ നിരന്നുനിന്നു വിരല്‍ചൂണ്ടിയ ഒരാളെ സംരക്ഷിക്കുന്ന ഒറ്റ കാരണത്താല്‍.
എത്ര ഖേദകരമാണ്!
കെ ജെ ജേക്കബ്
ഓഗസ്റ്റ് 30, 2024

Read more