പാലായില്‍ റോഡ് ഇടിഞ്ഞു വീണ് വലിയ ഗര്‍ത്തം; മീനച്ചിലാറിൽ ജലനിരപ്പ് ഉയരുന്നു

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. കോട്ടയത്ത് പാലാ നഗരത്തില്‍ റോഡ് ഇടിഞ്ഞ് വലിയ ഗര്‍ത്തം രൂപപ്പെട്ടു. ആലപ്പുഴ – ചങ്ങനാശ്ശേരി റോഡില്‍ പലയിടങ്ങളിലും വെള്ളം കയറി. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനയാത്ര ഒഴിവാക്കാന്‍ അധീകൃതര്‍ നിര്‍ദ്ദേശം നല്‍കി.

കോട്ടയത്ത് മലയോര മേഖലകളില്‍ രാത്രിയില്‍ ശക്തമായ മഴ പെയ്തിനെ തുടര്‍ന്ന് നദികളിലെ ജലനിരപ്പ് ഉയര്‍ന്നു. മീനച്ചിലാറിന്റെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പില്‍ നിന്നും ഉയര്‍ന്നു. അഴുതയാര്‍ കരകവിഞ്ഞത്തോടെ കോരുത്തോട് മൂഴിക്കല്‍ കോ സ്വേ വെള്ളത്തിനടിയിലായി. പ്രദേശത്ത് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ഭരണങ്ങാനം -വിളക്കുമാടം റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കാഞ്ഞിരപ്പള്ളിയിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ 37 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 273 കുടുംബങ്ങളിലായി 852 പേര്‍ ക്യാമ്പുകളില്‍ കഴിയുകയാണ്.

അതേസമയം പത്തനംതിട്ടയിലും മഴ ശക്തമായി തുടരുകയാണ്. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനെ തുടര്‍ന്ന് തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. റാന്നിയില്‍ പലയിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായി. കുടമുട്ടി റോഡ് തകര്‍ന്നു. പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു.

Read more

കനത്ത മഴയെ തുടര്‍ന്ന് ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.