സംസ്ഥാനത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സർക്കാർ ഡോക്ടർമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തി. ജോലി ചെയ്യുന്ന ആശുപത്രിയുടെ പരിസരത്ത് തന്നെ ഡോക്ടർമാർ ക്ലിനിക്ക് നടത്തുന്നതായടക്കം അന്വേഷണത്തിൽ കണ്ടെത്തി. മെഡിക്കൽ കോളേജ് ആശുപത്രികളിലെ 19 ഡോക്ടര്‍മാരും ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സര്‍വീസിന് കീഴിലെ 64 ഡോക്ടർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലൻസ് കണ്ടെത്തി. ഇവർക്കെതിരെ വകുപ്പ് തല നടപടിക്ക് റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് ഡയറക്ടര്‍ അറിയിച്ചു.
ഇന്നലെ വൈകുന്നേരം നാല് മണി മുതൽ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലങ്ങളിൽ ‘ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസ്’ എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി മിന്നൽ പരിശോധന നടത്തിയത്. കുറ്റക്കാരായ ഡോക്ടർമാരുടെ വിശദ വിവരം സർക്കാരിന് നൽകുമെന്ന് വിജിലൻസ് ഡയറക്ടർ ടികെ. വിനോദ്‌കുമാർ അറിയിച്ചു. വിജിലൻസ് ഐജിയുടെ ചുമതല വഹിക്കുന്ന ബിജു മോൻ മിന്നൽ പരിശോധനക്ക് മേൽനോട്ടം വഹിച്ചു. വിജിലൻസ് ആസ്ഥാനത്തെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിനോദ്.സി മിന്നൽ പരിശോധനക്ക് നേതൃത്വം നൽകി. സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പരിശോധനയിൽ ഭാഗമായി.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പൂർണ്ണമായും നിരോധിച്ചതാണ്. ഇതിന് പകരമായി ഡോക്ടർമാർക്ക് അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം അധികമായി നോൺ പ്രാക്ടീസ് അലവൻസായി അനുവദിക്കുന്നുണ്ട്. ഈ അധിക തുക കൈപ്പറ്റിക്കൊണ്ടാണ് ഒരു വിഭാഗം മെഡിക്കൽ കോളേജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തിയത്.
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ ആശുപത്രികളിലെ ഡോക്ടർമാർക്ക് താമസ സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസ് നടത്താൻ പാടുള്ളൂ. സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് നേഴ്സിന്റെയോ, ടെക്നീഷ്യൻ്റെയോ സേവനം പ്രയോജനപ്പെടുത്താൻ പാടില്ല. സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗികളെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് പരിശോധിക്കാൻ പാടില്ല. ഈ നിബന്ധനകൾക്ക് വിധേയമായി സ്വകാര്യ പ്രാക്ടീസ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇത് പാലിക്കാതെ വാടക കെട്ടിടങ്ങളിലും, വാണിജ്യ സമുച്ചയങ്ങളിലും സർക്കാർ നിബന്ധനകൾക്കെതിരായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.