സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളില്‍ അംഗീകാരം ഒന്നിന് മാത്രം

സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളില്‍ അംഗീകാരം ലഭിച്ചത് ഒന്നിന് മാത്രം. ബാക്കിയുള്ള ആറ് ബില്ലുകളില്‍ മൂന്നെണ്ണത്തിന്റെ അനുമതി തടഞ്ഞുവച്ചിരിക്കുന്നതായി രാജ്ഭവന്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. മൂന്ന് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ്.

ലോകായുക്ത ഭേദഗതി ബില്ലില്‍ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്. പൊതു പ്രവര്‍ത്തകരുടെ അഴിമതി തെളിഞ്ഞാല്‍ ഔദ്യോഗിക സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്ന് വിധിക്കാനാവുന്ന 14ാം വകുപ്പ് ഭേദഗതി ചെയ്ത ബില്ലാണ് രാഷ്ട്രപതി അംഗീകരിച്ചത്. രാഷ്ട്രപതിയുടെ തീരുമാനം സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണ്.

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനും സര്‍വകലാശാല നിയമ ഭേദഗതി ബില്ലിനും വൈസ് ചാന്‍സലര്‍മാരെ നിര്‍ണയിക്കുന്ന സെര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ലിനുമാണ് രാഷ്ട്രപതി അനുമതി നിഷേധിച്ചത്. ഗവര്‍ണര്‍ക്ക് ഏറെ ആശ്വാസകരമാണ് രാഷ്ട്രപതിയുടെ തീരുമാനം.

Read more

ബില്ലുകളില്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് രാഷ്ട്രപതിക്ക് ബില്ല് കൈമാറിയത്.