കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടാതെ ജിസിഡിഎ. പൊലീസ് റിപ്പോർട്ട് വന്ന ശേഷം ഇക്കാര്യം പരിഗണിക്കുമെന്നാണ് ജിസിഡിഎ നൽകുന്ന വിശദീകരണം. അതേസമയം സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎക്ക് അപകടത്തിൽപ്പെട്ട കേസിലെ ഒന്നാം പ്രതി മൃദംഗ വിഷൻ സിഇഒ എം നിഘോഷ് കുമാർ പോലീസിൽ കീഴടങ്ങി.
പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ആണ് പ്രതി ഹാജരായത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം സംഘാടകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. നിഘോഷ് കുമാർ ഇന്നലെ വാർത്താ സമ്മേളനം നടത്തി മൃദംഗ വിഷന് നേരെ ഉയരുന്ന ആരോപണങ്ങൾ നിഷേധിച്ചിരുന്നു.
അതേസമയം കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. വിശ്വാസവഞ്ചനയ്ക്കുള്ള കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് മൃദംഗ വിഷന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചത്. നൃത്ത പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഈ അക്കൗണ്ടുകള്‍ വഴിയാണ് നര്‍ത്തകരില്‍നിന്ന് പണം സ്വീകരിച്ചത് ഈ ബാങ്ക് അക്കൗണ്ടുകള്‍ മുഖേനയാണ്.