പണം തിരികെ നൽകി തടിയൂരി ആരോപണ വിധേയൻ; ഇനി പരാതി ഇല്ലെന്ന് ആലുവയിലെ പെൺകുഞ്ഞിന്റെ കുടുംബം

ആലുവയിൽ കൊല്ലപ്പെട്ട പെൺകുഞ്ഞിന്റെ കുടുംബത്തെ പറ്റിച്ച് കൈക്കലാക്കിയ തുക ആരോപണവിധേയൻ തിരികെ നൽകി. ആലുവ സ്വദേശി മുനീറാണ് ബിഹാർ സ്വദേശിയും ഇതര സംസ്ഥാന തൊഴിലാളിയുമായ പരാതിക്കാരന് 50000 രൂപ മടക്കി നൽകിയത്. ഇയാൾ 1.2 ലക്ഷം രൂപ തട്ടിയെന്നും ഇതിൽ 70000 മടക്കി നൽകിയെന്നും ബാക്കി നൽകാനുണ്ടെന്നുമായിരുന്നു പരാതി.

അതിനിടെ വാർത്ത കളവാണെന്ന് പറയണമെന്നും ആരോപണവിധേയൻ പരാതിക്കാരനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. എന്നാൽ അതിന് തയ്യാറാവില്ലെന്നും പരാതിക്കാരൻ വ്യക്തമാക്കി. മുനീറിന്റെ ഫോൺ സംഭാഷണം പരാതിക്കാരൻ റെക്കോർഡ് ചെയ്തു. തനിക്ക് കളവ് പറയാൻ കഴിയില്ലെന്ന് കുട്ടിയുടെ അച്ഛൻ ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി.

ആലുവയിൽ അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുട്ടിയുടെ കുടുംബമാണ് പറ്റിക്കപ്പെട്ടത്. കുട്ടി കൊല്ലപ്പെട്ട സമയത്താണ് സംഭവം നടന്നതെന്നാണ് പരാതി. കുട്ടിയുടെ പിതാവിന്റെ പേരിലുള്ള പേഴ്സണൽ അക്കൗണ്ടിൽ നിന്നാണ് പണം തട്ടിയതെന്നാണ് പരാതി.

അന്ന് കുട്ടിയുടെ കുടുംബത്തെ സഹായിക്കാൻ മുന്നിൽ നിന്നത് മുനീറായിരുന്നു. തങ്ങളെ സഹായിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിൽ നിന്ന് എടിഎം കാർഡ് ഉപയോഗിച്ച് പണമെടുത്തത് മുനീറായിരുന്നു. അന്ന് ഇത്തരത്തിൽ 1.2 ലക്ഷം രൂപയോളം പലപ്പോഴായി പിൻവലിച്ചിരുന്നുവെന്നും ആ തുകയിൽ വളരെ കുറച്ച് മാത്രമാണ് തങ്ങൾക്ക് തന്നതെന്നും കുട്ടിയുടെ പിതാവ് പറയുന്നു.

പണം എടിഎമ്മിൽ നിന്ന് എടുത്ത് നൽകി സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുനീർ, പറ്റിച്ചുവെന്നത് വ്യാജ ആരോപണമാണെന്നായിരുന്നു പറഞ്ഞത്. ഇതിന് പിന്നാലെയാണ് നൽകാനുള്ള 50000 രൂപ കൂടി മുനീർ തിരിച്ച് നൽകിയത്.