കോടതി ഇടപെടലിന് പിന്നാലെ നടപടി; സിപിഎം ഏരിയാ സമ്മേളനത്തിനായി തലസ്ഥാനത്ത് റോഡടച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്

ഹൈകോടതി വിമർശനത്തിന് പിന്നാലെ സിപിഎം ഏരിയാ സമ്മേളനത്തിനായി തിരുവനന്തപുരത്ത് റോഡടച്ച സംഭവത്തിൽ കേസ് എടുത്ത് പൊലീസ്. ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

നേരത്തെ കണ്ടാലറിയുന്ന 500 ഓളം ആളുകൾ എന്നായിരുന്നു പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. പുതുതായി പ്രതി ചേർത്തതിൽ പാളയം ഏരിയ കമ്മിറ്റിയിലെ മുഴുവൻ അംഗങ്ങളുമുണ്ട്. ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു ആണ് കേസിലെ ഒന്നാം പ്രതി. പന്തൽ കെട്ടിയവരടക്കമുള്ളവരെയും പ്രതിചേർത്തിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ടെങ്കിലും വഞ്ചിയൂർ പൊലീസ് അവരെ പ്രതി ചേർത്തിട്ടില്ല.

റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയ സംഭവത്തിൽ വഞ്ചിയൂർ എസ് എച്ച് ഒ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ആരോക്കെയാണ് ഈ യോഗത്തിൽ പങ്കെടുത്തതെന്നെന്നും ഇങ്ങനെ ചെയ്യാൻ സംഘാടകർക്ക് ആരാണ് അനുമതി കൊടുക്കുന്നതെന്നും കോടതി ചോദിച്ചു. അതേസമയം മുൻ ഉത്തരവുകളുടെ ലംഘനമാണ് നടന്നതെന്നും കോടതി പറഞ്ഞിരുന്നു.

അതേസമയം വഞ്ചിയൂരിൽ റോഡ് അടച്ച് യോഗം നടത്തിയതിൽ കേസ് എടുത്തോയെന്നും കോടതി ചോദിച്ചിരുന്നു. എന്ത് നടപടി സ്വീകരിച്ചെന്ന് അറിയിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. റോഡുകളിൽ പൊതുയോഗം നടത്തുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയെന്തെന്ന് സർക്കാ‍ർ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കാൽനടക്കാർ റോഡിലൂടെ നടക്കാൻ പറ്റാത്ത അവസ്ഥയാണെന്നും സർക്കാർ നടപടി സ്വീകരിക്കുന്നില്ലേ എന്നും ഹൈക്കോടതി ചോദിച്ചിരുന്നു.