കാത്തിരിപ്പിനൊടുവിൽ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക്; ബുധനാഴ്ച പുലർച്ചെ ഫ്ലോറിഡ തീരത്ത് ഇറങ്ങും

ബഹിരാകാശത്ത് നിന്നും സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരികെയെത്തും. ISSൽ നിന്ന് നാളെ രാവിലെ 8.15ന് യാത്ര തിരിക്കും. ബുധനാഴ്ച പുലർച്ചെ 3.27ന് ഫ്ലോറിഡ തീരത്ത് ഇറങ്ങും. നാസ തന്നെയാണ് ഈ കാര്യം സ്ഥീരികരിച്ചത്.

കാലാവസ്ഥ അനുകൂലമായതിനാലാണ് മടക്കയാത്ര നേരത്തെയാക്കിയത്. ഇരുവരെയും തിരികെയെത്തിക്കുന്നതിന്‍റെ ഭാഗമായ സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇന്നലെ എത്തിയിരുന്നു. അമേരിക്കന്‍ പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.03-ഓടെയാണ് റോക്കറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചുയര്‍ന്നത്. പേടകത്തിൽ നാല് ബഹിരാകാശ യാത്രികരാണ് ഉണ്ടായിരുന്നത്.

നാസ ബഹിരാകാശയാത്രികരായ ആനി മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജാക്സ (ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി) ബഹിരാകാശ യാത്രിക തകുയ ഒനിഷി, റോസ്‌കോസ്‌മോസ് ബഹിരാകാശ യാത്രികൻ കിറിൽ പെസ്‌കോവ് എന്നീ നാല് ബഹിരാകാശ സഞ്ചാരികളെയാണ് ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്.

വെറും എട്ട് ദിവസത്തെ ദൗത്യത്തിനായാണ് ബോയിംഗിൻ്റെ പരീക്ഷണ സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂണിൽ ഭൂമിയിൽ നിന്നും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസും ബുച്ച് വിൽമോറും പറന്നുയർന്നത്. എന്നാൽ സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഇരുവർക്കും മുൻനിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനായില്ല. തുടർന്നാണ് ഇരുവരുടെയും മടക്കയാത്ര നീട്ടിവച്ചത്. പലതവണ ഇരുവരെയും മടക്കികൊണ്ടുവരാൻ നാസ ശ്രമിച്ചുവെങ്കിലും ഹീലിയം ചോർച്ചയും മറ്റു തകരാറുകളുള്ള സ്റ്റാർലൈനറിന്റെ അപകട സാധ്യത മുന്നിൽക്കണ്ട് മടക്കയാത്ര വീണ്ടും നീട്ടിവെക്കുകയായിരുന്നു.