വരുമാനം 350 കോടി, നികുതി അടച്ചത് 120 കോടി; ഷാരൂഖ് ഖാനെ പിന്നിലാക്കി അമിതാഭ് ബച്ചന്‍

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നികുതി അടച്ചത് അമിതാഭ് ബച്ചന്‍. 120 കോടി രൂപയാണ് ബച്ചന്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നികുതിയായി അടച്ചത്. 350 കോടിയാണ് ഈ വര്‍ഷത്തെ ബച്ചന്റെ വരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. ടെലിവിഷന്‍ പരിപാടിയായ കോന്‍ ബനേഗ ക്രോര്‍പതി, സിനിമകള്‍, ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകള്‍ എന്നിവയാണ് താരത്തിന്റെ വരുമാന മാര്‍ഗങ്ങള്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ നികുതിയടച്ച താരം ഷാരൂഖ് ഖാന്‍ ആയിരുന്നു. അന്ന് 92 കോടി രൂപയായിരുന്നു നടന്‍ അടച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബംബര്‍ ഹിറ്റടിച്ച നാല് സിനിമകളും പരസ്യങ്ങളും ആയിരുന്നു ഷാരൂഖിന്റെ വരുമാന മാര്‍ഗം. പഠാന്‍, ജവാന്‍, ഡങ്കി, ടൈഗര്‍ 3 എന്നീ സിനിമകള്‍ വലിയ നേട്ടം ഉണ്ടാക്കിയിരുന്നു.

71 കോടി രൂപയായിരുന്നു ബച്ചന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അടച്ച നികുതി. വന്‍തുക നികുതിയടച്ച താരങ്ങളുടെ പട്ടികയില്‍ തമിഴ്താരം വിജയും ബോളിവുഡ് താരം സല്‍മാന്‍ ഖാനുമുണ്ട്. വിജയ് 80 കോടിയും സല്‍മാന്‍ 75 കോടി രൂപയും നികുതി അടച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചാം സ്ഥാനത്ത് ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും എത്തി. 66 കോടി രൂപയാണ് വിരാട് നികുതി അടച്ചത്.

42 കോടി രൂപയാണ് അജയ് ദേവ്ഗണ്‍ നികുതി അടച്ചത്. ഏഴാം സ്ഥാനത്ത് എംഎസ് ധോണി ആണ്. 38 കോടി രൂപയാണ് താരം നികുതി അടച്ചത്. രണ്‍ബിര്‍ കപൂര്‍ 36 കോടി രൂപ നികുതി അടച്ചു. ഹൃത്വിക് റോഷനും സച്ചിന്‍ ടെന്‍ഡുല്‍ക്കറും 28 കോടി രൂപയാണ് നികുതി അടച്ചത്.

Read more