എച്ച്എസ് പ്രണോയിക്ക് പിന്നാലെ സംസ്ഥാനം വിടാനൊരുങ്ങി കൂടുതല്‍ താരങ്ങള്‍; കായിക താരങ്ങള്‍ കേരളം വിട്ടുപോകുന്നുവെന്ന് ഹൈക്കോടതി

കായിക താരങ്ങള്‍ കേരളം വിട്ടുപോകുകയാണെന്ന് ഹൈക്കോടതി. മുന്‍ ദേശീയ ട്രിപ്പിള്‍ ജംപ് താരം രഞ്ജിത് മഹേശ്വരിയ്ക്ക് അര്‍ജ്ജുന അവാര്‍ഡ് നിഷേധിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഇത് സംബന്ധിച്ച പരാമര്‍ശം നടത്തിയത്. ഹര്‍ജി പരിഗണിച്ച കോടതി ഉത്തേജക മരുന്ന് പരിശോധനയുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു.

രഞ്ജിത് മഹേശ്വരിയ്‌ക്കെതിരെ തെറ്റായ കണ്ടെത്തലാണ് നടന്നതെന്ന് വ്യക്തമായാല്‍ സംഭവത്തില്‍ ഇടപെടുമെന്നും കോടതി അറിയിച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള നിരന്തര അവഗണനയെ തുടര്‍ന്ന് കായിക താരങ്ങള്‍ കേരളം വിടുകയാണ്.

ലോകശ്രദ്ധ ആകര്‍ഷിക്കുന്ന പ്രകടനങ്ങള്‍ നടത്തിയാലും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായവും ആദരവും ലഭിക്കാത്തതാണ് താരങ്ങള്‍ കേരളം വിടുന്നതിന്റെ പ്രധാന കാരണം. ദേശീയ ബാഡ്മിന്റണ്‍ താരം എച്ചഎസ് പ്രണോയ്ക്ക് പിന്നാലെ ട്രിപ്പിള്‍ ജംപ് ദേശീയ താരങ്ങളായ എല്‍ദോസ് പോളും അബ്ദുള്ള അബൂബക്കറും ഗോവയില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം കേരള അത്‌ലറ്റിക് അസോസിയേഷനെ അറിയിച്ചിരുന്നു. തമിഴ്‌നാടിന് വേണ്ടി മത്സരിക്കാനാണ് പ്രണോയിയുടെ തീരുമാനം.