വീണ്ടും അരളി ചെടി ജീവനെടുത്തു; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്ന് അരളി പൂവ് പുറത്ത്

അരളി ചെടിയുടെ പൂവ് കഴിച്ച യുവതി മരിച്ച വാര്‍ത്തയ്ക്ക് പിന്നാലെ സംസ്ഥാനത്ത് വീണ്ടും അരളി ചെടി ജീവനെടുത്തു. അരളി ചെടി തിന്ന പശുവും കിടാവും ചത്തു. പത്തനംതിട്ട തെങ്ങമം മഞ്ജു ഭവനത്തില്‍ പങ്കജവല്ലിയുടെ പശുവും കിടാവുമാണ് ചത്തത്. കാലികള്‍ക്ക് നല്‍കിയ തീറ്റയില്‍ അയല്‍ക്കാര്‍ വെട്ടിക്കളഞ്ഞ അരളി ചെടി ഉള്‍പ്പെട്ടതാണ് പശുക്കളുടെ ജീവനെടുത്തത്.

പശുവും കിടാവും അസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ മൃഗാളുപത്രിയില്‍ നിന്ന് ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ വീടിന് സമീപത്ത് അരളി ചെടി കണ്ടിരുന്നു. പിന്നാലെ കാലികള്‍ ചത്തതോടെ പള്ളിപ്പുറം പഞ്ചായത്തിലെ വെറ്റിനറി ഉദ്യോഗസ്ഥരാണ് പശുവിനെ പോസ്റ്റുമോര്‍ട്ടം ചെയ്ത് മരണ കാരണം സ്ഥിരീകരിച്ചത്.

അരളിയുടെ പൂവിലും ഇലയിലും അടങ്ങിയിരിക്കുന്ന വിഷം കാരണം നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ അരളി പൂവ് നിവേദ്യ പൂജകള്‍ക്ക് ഉപയോഗിക്കുന്നില്ല. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിലും അരളി പൂവ് വ്യാപകമായി നിരോധിച്ച് വരുന്നുണ്ട്. വന ഗവേഷണ കേന്ദ്രവും അരളിയിലെ വിഷത്തെ കുറിച്ച് സ്ഥിരീകരണം നടത്തിയിട്ടുണ്ട്.