തോമസ് കെ തോമസിനെ അധ്യക്ഷനായി നിര്‍ദ്ദേശിച്ച് എകെ ശശീന്ദ്രന്‍; ആവശ്യപ്പെട്ടാല്‍ ചുമതല ഏറ്റെടുക്കുമെന്ന് തോമസ് കെ തോമസ്

പിസി ചാക്കോയുടെ രാജിയ്ക്ക് പിന്നാലെ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തോമസ് കെ തോമസ് എംഎല്‍എയുടെ പേര് നിര്‍ദ്ദേശിച്ച് മന്ത്രി എകെ ശശീന്ദ്രന്‍. ഇതുസംബന്ധിച്ച് എകെ ശശീന്ദ്രന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് ഇ-മെയില്‍ അയച്ചു. ആവശ്യപ്പെട്ടാല്‍ ചുമതല ഏറ്റെടുക്കാന്‍ തയാറാകുമെന്ന് തോമസ് കെ തോമസ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് പിസി ചാക്കോ അധ്യക്ഷ സ്ഥാനം രാജിവച്ചത്. ഇതിന് പിന്നാലെയാണ് ശശീന്ദ്രന്‍ പവാറിന് ഇ-മെയില്‍ സന്ദേശം അയച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് പിസി ചാക്കോ താല്‍പര്യമുള്ള പേരുകള്‍ നിര്‍ദ്ദേശിക്കാനുളള സാധ്യത മുന്നില്‍ കണ്ടാണ് തോമസ് കെ തോമസിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ച് മെയില്‍ അയച്ചത്.

സംസ്ഥാന വൈസ് പ്രസിഡന്റും ചാക്കോയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് എന്‍സിപിയില്‍ എത്തിയ പിഎം സുരേഷ് ബാബുവിനെയോ ജനറല്‍ സെക്രട്ടറി കെആര്‍ രാജനെയോ അധ്യക്ഷനാക്കാനും നീക്കമുണ്ട്. പിസി ചാക്കോയാണ് ഈ നീക്കത്തിന് പിന്നില്‍. അധ്യക്ഷ സ്ഥാനം ലഭിച്ചാല്‍ ഏറ്റെടുക്കാമെന്ന നിലപാടിലാണ് തോമസ് കെ തോമസ്.