ആലുവയിലെ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം അഡീഷണല്‍ പോക്‌സോ കോടതിയില്‍ ഇന്ന് രാവിലെയാണ് കുറ്റപത്രം സമർപിച്ചത്. പ്രതി അസ്ഫാഖ് ആലമിനെതിരേ കൊലപാതകം, പോക്‌സോ ഉള്‍പ്പെടെ 10 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൊല നടന്ന് 35-ാം ദിവസമാണ് കുറ്റപത്രം നൽകുന്നത്.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമാണ് പ്രതി അസ്ഫാഖ് ആലമിനെതിരേ പ്രധാനമായുള്ളത്. ഡി.എന്‍.എ. പ്രൊഫൈല്‍ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 800 പേജുള്ള കുറ്റപത്രത്തില്‍ 99 സാക്ഷികളും 62 തെളിവുരേഖകളുമുണ്ടെന്നും പോലീസ് അറിയിച്ചു.
Read more
ജൂലൈ 28 നാണു ബിഹാർ സ്വദേശികളായ തൊഴിലാളികളുടെ അഞ്ചു വയസുകാരിയായ മകളെ കാണാനില്ലെന്ന് അമ്മ ആലുവ ഈസ്റ്റ് പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നു ലഭിച്ച സൂചന വച്ച് അസ്ഫാക്ക് ആലത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിയിലായിരുന്ന അസ്ഫാക്ക് കുട്ടിയെ കൂട്ടിക്കൊണ്ടു പോയിട്ടില്ലെന്നാണ് ആദ്യം പൊലീസിനു മൊഴി നൽകിയത്. എന്നാല്‍ 18 മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ജൂലൈ 29 നു ആലുവ മാർക്കറ്റിനു സമീപത്തെ മാലിന്യങ്ങള്‍ക്കിടയിൽ നിന്ന് കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു.