താൻ എൽഡിഎഫിനൊപ്പമാണെന്ന് വ്യക്തമാക്കി തൃശൂർ മേയർ എം.കെ വർഗീസ്. താൻ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം അഭ്യൂഹം മാത്രമാണെന്നും മേയർ പറഞ്ഞു. അതേസമയം തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ രാഷ്ട്രീയം കലർത്തേണ്ട കാര്യമില്ലെന്നും മേയർ കൂട്ടിച്ചേർത്തു.
താൻ ബിജെപിയിലേക്ക് പോകുമെന്ന വാർത്തകൾ തെറ്റാണ്. സുരേഷ് ഗോപിയുമായി നടന്നത് മന്ത്രി എന്ന നിലയിലുള്ള ആശയവിനിമയം മാത്രമാണ്. താൻ എല്ലായ്പ്‌പോഴും സിപിഎമ്മിന് ഒപ്പമാണ്. ആര് വികസനത്തിനൊപ്പം നിന്നാലും താൻ അവർക്കൊപ്പം നിൽക്കും. സിപിഐക്ക് എന്തെങ്കിലും അതൃപ്‌തി ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും മേയർ പറഞ്ഞു.
രാഷ്ട്രീയത്തിന്റെ പേര് പറഞ്ഞ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കാനാകില്ല. തന്റെ ആദര്‍ശവും സുരേഷ് ഗോപിയുടെ ആദര്‍ശവും വേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭ തിരഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാവുന്നത് ചിന്തിച്ചിട്ട് പോലുമില്ലെന്നും മേയർ പറഞ്ഞു. രാഷ്ട്രീയമായ പ്രശ്‌നങ്ങളുണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും അത് നാടിന് ദോഷം ചെയ്യുമെന്നും മേയർ പറഞ്ഞു.
നാടിന്റെ വികസനത്തിന് വേണ്ടി തൃശ്ശൂരിന്റെ എംപി മന്ത്രിയായപ്പോള്‍ പ്രതീക്ഷ കൊടുത്തത് തെറ്റായി തോന്നുന്നില്ല. ഇടതുപക്ഷത്തെ വ്രണപ്പെടുത്തുന്ന ഒരു പ്രവൃത്തിയും താന്‍ ചെയ്തിട്ടില്ല. സിപിഐക്ക് അതൃപ്തി വരേണ്ട സാഹചര്യം ഇല്ല. സിപിഐഎമ്മിന്റെ ഘടകകക്ഷിയായ സിപിഐ എന്തെങ്കിലും അതൃപ്ത്തിയുണ്ടെങ്കില്‍ അവരുമായി സംസാരിച്ചു തീര്‍ക്കാന്‍ തയാറാണ്. മേയര്‍ എന്ന നിലയില്‍ തന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വന്നാല്‍ കൂടെ പോകേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും മേയർ പറഞ്ഞു.